ആത്മഹത്യയ്ക്ക് പ്രചോദനമായത് പ്രേതങ്ങളും, പാരാ നോര്‍മല്‍ ഷോകളും; ഭാട്ടിയ കുടുംബത്തിലെ ഇളയ മകനെ അച്ഛന്റെ മരണ ശേഷം, അമ്മയൊഴികെ എല്ലാവരും വിളിച്ചിരുന്നത് 'ഡാഡി'യെന്ന് ; പട്ടാള ചിട്ടയിൽ വീട്ടിലെ കാര്യങ്ങൾ നിയന്ത്രിച്ചു! അതിരാവിലെത്തന്നെ പട്ടാളത്തെപ്പോലെ 'അറ്റന്‍ഷനില്‍' നിൽക്കണമെന്നും നിർബന്ധം; ദുരൂഹതകൾ വിട്ടൊഴിയാതെ ഡല്‍ഹി കൂട്ടമരണം

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടലുകൾ ഇല്ലെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിന് പിന്നാലെ അന്വേഷണം നീളുന്നത് രണ്ടു പേര്‍ക്ക് നേരെ. മരിച്ച ലളിത് ഭാട്ടിയ, ഭാര്യ ടിന എന്നിവരാണ് കൂട്ട ആത്മഹത്യാ പദ്ധതി തയാറാക്കിയതെന്ന നിഗമനത്തിലാണു പൊലീസ്. ജൂണ്‍ 30നു രാവിലെയാണ് ഡല്‍ഹി ബുറാഡിയിലെ സന്ത് നഗറിലെ വീട്ടില്‍ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.
11 വര്‍ഷം മുന്‍പ് പിതാവ് മരിച്ചതിനു ശേഷം കുടുംബനാഥനായി സ്വയം അവരോധിക്കുകയാണു ലളിത് ചെയ്തത്. പിന്നീട് ഇയാളെ കുടുംബത്തില്‍ അമ്മയൊഴികെ എല്ലാവരും 'ഡാഡി' എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നതെന്നു പൊലീസ് പറയുന്നു. മരിച്ചു പോയ പിതാവുമായി താന്‍ സംസാരിക്കുന്നുണ്ടെന്നു പറഞ്ഞായിരുന്നു ഇത്. കുടുംബം സാമ്ബത്തികമായി പിന്നാക്കം പോയ സമയത്ത് ലളിത് നല്‍കിയ ചില നിര്‍ദേശങ്ങള്‍ വഴി മികച്ച നിക്ഷേപം നടത്തി നേട്ടം കൊയ്യാന്‍ ഭാട്ടിയ കുടുംബത്തിനായി. സഹോദരിയുടെ മകള്‍ പ്രിയങ്കയുടെ മുടങ്ങിക്കിടന്ന വിവാഹം നടത്തുന്നതിലേക്കു നയിച്ചതും ലളിതിന്റെ ഇടപെടലായിരുന്നു.
ഇതെല്ലാം പിതാവ് ഉള്‍പ്പെടെയുള്ള 'അദൃശ്യ ശക്തികള്‍' നല്‍കിയ സഹായമാണെന്നായിരുന്നു ലളിത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇവര്‍ക്കുള്ള നന്ദി പറച്ചിലായി നടത്തിയ 'ആചാര'ത്തിനൊടുവിലാണ് 11 പേരും മരിച്ചത്. എന്നാല്‍ എല്ലാവരും കരുത്തോടെ പുനര്‍ജനിക്കുമെന്നായിരുന്നു ലളിത് പറഞ്ഞിരുന്നത്. അതിനു ശേഷം ടിനയുടെ സഹോദരി മംമ്തയ്ക്കു വേണ്ടിയും ഇത്തരമൊരു കര്‍മം നടത്താന്‍ ലളിത് പദ്ധതിയിട്ടിരുന്നു. മംമ്തയുടെ ബുദ്ധിമുട്ടുകള്‍ മാറുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇക്കാര്യം വീട്ടിലെ ഡയറിയില്‍ ലളിത് കുറിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പദ്ധതിയെപ്പറ്റി തനിക്ക് അറിവില്ലായിരുന്നെന്നു മംമ്ത ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞു.
ലളിതിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് പാരാനോര്‍മല്‍ വിഷയങ്ങളില്‍ ഇയാള്‍ തല്‍പരനായിരുന്നെന്നു വ്യക്തമായി. ഇത്തരം ഷോകളും പ്രേതാനുഭവങ്ങളുമെല്ലാമായിരുന്നു സ്ഥിരം ഇയാള്‍ യൂട്യൂബിലും മറ്റു വെബ്സൈറ്റുകളിലും കണ്ടിരുന്നത്. 2007ലാണ് ലളിതിന്റെ പിതാവ് മരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിതാവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഏറ്റവുമധികം തളര്‍ന്നു പോയതു ലളിത് ആയിരുന്നു. ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ ഡയറി എഴുത്ത് തുടങ്ങി. പിതാവ് തനിക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍ ആണു താന്‍ കുറിക്കുന്നതെന്നായിരുന്നു ലളിത് ഇതിനെപ്പറ്റി പറഞ്ഞത്. പതിയെപ്പതിയെ കുടുംബം സമൃദ്ധിയിലേക്കു നീങ്ങാന്‍ തുടങ്ങിയതോടെ എല്ലാവരും അതു വിശ്വസിച്ചു തുടങ്ങി.
പിതാവിനെപ്പോലെ പട്ടാളച്ചിട്ടയിലായിരുന്നു വീട്ടിലെ കാര്യങ്ങള്‍ ലളിത് നോക്കിയിരുന്നതും. അതിരാവിലെത്തന്നെ പട്ടാളത്തെപ്പോലെ 'അറ്റന്‍ഷനില്‍' നില്‍ക്കണമെന്നും ലളിത് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മനോബലം കൂട്ടുന്നതിനു വേണ്ടിയായിരുന്നു ഇത്! പ്രിയങ്കയായിരുന്നു പലപ്പോഴും ലളിത് പറയുന്നത് ഡയറിയിലേക്ക് പകര്‍ത്തിയിരുന്നത്. വയസ്സു മുപ്പത്തി മൂന്നു കഴിഞ്ഞിട്ടും നടക്കാതിരുന്ന പ്രിയങ്കയുടെ വിവാഹം ലളിതിന്റെ ഇടപെടലിലാണ് ഉറപ്പിച്ചത്. ജൂണ്‍ 17നായിരുന്നു വിവാഹനിശ്ചയം. പിന്നീട് ഒരാഴ്ചക്കാലത്തേക്കു പിതാവിനും മറ്റ് അദൃശ്യ ശക്തികള്‍ക്കും നന്ദി പറയാനുള്ള കര്‍മങ്ങള്‍ നടത്തണമെന്നു ലളിത് പറഞ്ഞിരുന്നു. എന്നാല്‍ അതീവ രഹസ്യമായിട്ടു വേണം ഇതെന്നായിരുന്നു നിര്‍ദേശം. പദ്ധതിയിട്ടതു പോലെ അതു നടന്നില്ല.
ജൂണ്‍ 23നാണ് വിവാഹത്തിനെത്തിയ അവസാന അതിഥിയും മടങ്ങിയത്. അന്നു മുതല്‍ ഏഴു ദിവസത്തേക്കു കര്‍മങ്ങള്‍ നടത്താനും തീരുമാനിച്ചു. 23നും 27നും ഇടയ്ക്ക് സമീപത്തെ കടയില്‍ നിന്ന് പൂജാസാമഗ്രികള്‍ വാങ്ങുന്ന ലളിതിന്റെയും ടിനയുടെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വാസ്തു പൂജയ്ക്കാവശ്യമായ സാമഗ്രികളായിരുന്നു വാങ്ങിയിരുന്നത്. മറ്റൊരു കടയില്‍ നിന്ന് ബാന്‍ഡേജുകളും വാങ്ങി.
ലളിതും ടിനയും ചേര്‍ന്നാണ് കുടുംബത്തിലെ ശേഷിച്ചവരുടെ വായും കണ്ണുമെല്ലാം കെട്ടിയതെന്നു കരുതുന്നതായി പൊലീസ് പറയുന്നു. വീടിന്റെ രണ്ടാം നിലയിലെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലാണു കണ്ടതെങ്കിലും എല്ലാവരും പുനര്‍ജനിക്കുമെന്നായിരുന്നു ലളിത് പറഞ്ഞിരുന്നത്. സമീപത്തെ കപ്പില്‍ വച്ചിരിക്കുന്ന വെള്ളത്തിന്റെ നിറം നീലയാകുന്നതോടെ പിതാവ് എത്തി എല്ലാവരെയും രക്ഷിക്കുമെന്നും അദ്ദേഹത്തോടു നേരിട്ടു സംസാരിക്കാനാകുമെന്നും ലളിത് വിശ്വസിപ്പിച്ചു.
മരിച്ചവരുടെ ആന്തരികാവയ പരിശോധനാ ഫലം 10-15 ദിവസത്തിനുള്ളില്‍ ലഭിക്കും. മരണത്തിനു മുന്‍പു കഴിച്ച ഭക്ഷണത്തില്‍ മയക്കുമരുന്നുകള്‍ ഉണ്ടായിരുന്നോയെന്നാണു പരിശോധിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ കൂട്ട 'മോക്ഷപ്രാപ്തിക്കു' വേണ്ടി നടത്തിയ ശ്രമമായി സംഭവം പൊലീസ് സ്ഥിരീകരിക്കും. അതിനു മുന്നോടിയായി സൈക്കോളജിസ്റ്റുകളുടെയും പാരാനോര്‍മല്‍ വിശകലന വിദഗ്ധരുടെയും സഹായവും പൊലീസ് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























