പട്ടേല്‍ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍

പട്ടേല്‍ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യനില മോശമായി. അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ദിക്കിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസമായി ഹര്‍ദിക് നിരാഹാരം അനുഷ്ഠിക്കുകയാണ്. ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, കര്‍ഷക വായ്പ തുടങ്ങി വിവിധ മേഖലകളില്‍ സമുദായത്തിന് പ്രത്യേക സംവരണം അനുവദിക്കണമെന്നാണ് പട്ടേല്‍ വിഭാഗത്തിന്റെ ആവശ്യം.
അതേസമയം, ഹര്‍ദിക്കിന്റെ ആരോഗ്യനിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ സമരത്തിന് കോണ്‍ഗ്രസാണു പണം മുടക്കുന്നതെന്നും ഗുജറാത്ത് ഊര്‍ജമന്ത്രി സൗരഭ് പട്ടേല്‍ ആരോപിച്ചു. ഹര്‍ദിക്കിനെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഐസിയു സംവിധാനമുള്ള ആംബുലന്‍സ് തയാറാണെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും ഈ സേവനങ്ങള്‍ അദ്ദേഹത്തിന് ലഭ്യമാണെന്നും സൗരഭ് വ്യക്തമാക്കി. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ ഹര്‍ദിക് തയാറാകുന്നില്ലെന്നും സൗരഭ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹര്‍ദികിന്റെ സമരത്തിന് ദിനംപ്രതി പിന്തുണ വര്‍ധിക്കുകയാണ്. വിവിധ ബിജെപി നേതാക്കള്‍ക്കു പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ എന്നിവരും ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിച്ച് സമരമുഖത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി എന്നി പാര്‍ട്ടികളുടെ പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ദിക്കിനെ സന്ദര്‍ശിക്കുന്നതിനും സമരത്തിന് പിന്തുണയറിയിക്കുന്നതിനും സമരപ്പന്തലിലെത്തിയിരുന്നു.
അതിനിടെ, ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും ഹര്‍ദിക്കിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇവര്‍ ദീര്‍ഘനേരം ഹര്‍ദിക്കുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് തെല്ലും പിന്നോട്ടില്ലെന്ന് ഹര്‍ദിക് നേതാക്കളെ അറിയിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























