2500 രൂപ ചെലവുവരുന്ന പാച്ച് ഉപയോഗിച്ച് ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്; യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒൗദ്യോഗികമായി വികസിപ്പിച്ച സോഫ്റ്റ്വെയറിൽ ഗുരുതരസുരക്ഷാവീഴ്ചയെന്ന് അന്താരാഷ്ട്ര മാധ്യമമായ ഹഫ് പോസ്റ്റ്

ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് അന്വേഷണ റിപ്പോർട്ട്. യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒൗദ്യോഗികമായി വികസിപ്പിച്ച സോഫ്റ്റ്വെയർ ഉപയോഗിക്കാതെ, സമാന്തരമായി നിർമിച്ച സോഫ്റ്റ്വെയർ വഴി ഹാക്കർമാർക്ക് അനധികൃത ആധാർ നന്പറുകൾ ഉണ്ടാക്കാൻ കഴിയുമെന്നാണു കണ്ടെത്തൽ. പാച്ച് എന്ന സോഫ്റ്റ്വെയറാണ് ഹാക്കർമാർ ഇതിനായി ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ആധാറിൽ എൻറോൾ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ തകർക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര മാധ്യമമായ ഹഫ് പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
2500 രൂപ ചെലവുവരുന്ന പാച്ച് ഉപയോഗിച്ച് ആധാർ നന്പറുകൾ സൃഷ്ടിക്കാമെന്നും രാജ്യത്തെ വിവിധ എൻറോൾമെന്റ് ഓപ്പറേറ്റർമാർ ഈ വഴിയിലൂടെ ആധാർ നന്പർ നിർമിച്ചിട്ടുണ്ടെന്നും ഹഫ് പോസ്റ്റ് അന്വേഷണത്തിൽ കണ്ടെത്തി.വ്യാജ ആധാർ നന്പർ നിർമിക്കാൻ കഴിയുന്ന കോഡിംഗ് സംവിധാനം തങ്ങൾക്കു ലഭിച്ചെന്നും വിദഗ്ധരുമായി സംവദിച്ച് തങ്ങൾക്കു ലഭ്യമായ സോഫ്റ്റ്വെയറിന്റെ ആധികാരികത സ്ഥിരീകരിച്ചെന്നും ഹഫ് പോസ്റ്റ് അവകാശപ്പെട്ടു. മൂന്നു മാസം നീണ്ടു നിന്ന അന്വേഷണ റിപ്പോർട്ടാണ് മാധ്യമം പ്രസിദ്ധീകരിച്ചത്.
സ്വകാര്യ ഓപ്പറേറ്റർമാരിലൂടെ അതിവേഗത്തിൽ ആധാർ എൻറോൾമെന്റ് നടത്താനുള്ള സർക്കാർ പദ്ധതിയാണ് ചോർച്ചയ്ക്കു പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മുഖം തിരിച്ചറിഞ്ഞ് എൻറോൾമെന്റ് സാധ്യമാകുന്ന (ഫേസ് റിക്കഗ്നിഷൻ) സംവിധാനം ഉടൻ യുഐഡിഎഐ പുറത്തിറക്കാനിരിക്കെയാണ് ആധാർ വിവരചോർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ചോർച്ച സംബന്ധിച്ച് ഹഫ് പോസ്റ്റ് ആധാർ അഥോറിറ്റിയോടു പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
എൻറോൾമെന്റ് ഓപ്പറേറ്റർമാരുടെ ബയോമെട്രിക് ആധികാരികത ഉറപ്പുവരുത്തൽ സംവിധാനം, എൻറോൾമെന്റ് സെന്ററുകൾ തിരിച്ചറിയാൻ യുഐഡിഎഐയെ സഹായിക്കുന്ന ജിപിഎസ് സംവിധാനം എന്നിവ തകർക്കാൻ പാച്ച് സോഫ്റ്റവെയറിനു കഴിയും. ജിപിഎസ് സുരക്ഷ ഒഴിവാക്കുന്നതിലൂടെ ലോകത്ത് എവിടെനിന്നും ആധാർ നന്പർ നിർമിക്കാൻ കഴിയും. അനൗദ്യോഗിക പാച്ച് സോഫ്റ്റവെയർ ഐറിസ് (കൃഷ്ണമണി) തിരിച്ചറിയൽ സംവിധാനത്തിന്റെ സംവേദനക്ഷമത കുറയ്ക്കുകയും രജിസ്റ്റർ ചെയ്ത ഓപ്പറേറ്റർമാരുടെ ഫോട്ടോ ആധികാരികതയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാക്കുകയും ചെയ്യും. ഇതോടെ പാച്ച് ആക്സസ് ഉള്ളവർക്ക് ആധാർ നന്പറുകൾ സൃഷ്ടിക്കൽ സാധ്യമാക്കുന്നു.
2017 തുടക്കം മുതലാണ് പാച്ച് ലഭ്യമായി തുടങ്ങുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇതിന്റെ വിപണനം. 200 മുതൽ 500 രൂപ വരെയാണ് പാച്ച് ഉപയോഗിച്ച് ആധാർ എൻറോൾ ചെയ്യുന്നതിന് സ്വകാര്യ ഓപ്പറേറ്റർമാർ ഈടാക്കുന്നത്. പാച്ച് ഉപയോഗം സംബന്ധിച്ച് യുഐഡിഎഐക്കു വിവരം നൽകിയിരുന്നെങ്കിലും ഇപ്പോഴും പാച്ച് ഉപയോഗപ്രദമാണെന്ന് ചില ഓപ്പറേറ്റർമാർ ഹഫ് പോസ്റ്റ് അന്വേഷണത്തോടു പ്രതികരിച്ചു.
2010-ൽ ആധാർ ആരംഭിക്കുന്പോൾ എൻറോൾമെന്റ് ക്ലയന്റ് മൾട്ടി പ്ലാറ്റ്ഫോം(ഇസിഎംപി) എന്ന സോഫ്റ്റ്വെയറാണ് യുഐഡിഎഐ ഉപയോഗിച്ചിരുന്നത്. ഇതിന്റെ സുരക്ഷ കുറവായിരുന്നത് ആധാർ ചോർത്തൽ ലളിതമാക്കി. യൂട്യൂബിൽ ഇഎംസിപി ബൈപാസ് എന്ന് സേർച്ച് ചെയ്യുന്പോൾ നൂറ് കണക്കിനു വീഡിയോകൾ ആധാറിന്റെ സെക്യൂരിറ്റി ഫീച്ചറുകളെ മറികടക്കാനുള്ള വഴികൾ വിശദീകരിച്ച് തരുന്നുണ്ട്.
https://www.facebook.com/Malayalivartha


























