തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു കൈമാറിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ

വമ്പൻ തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു കൈമാറിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. പാർലമെന്റ് സമിതിക്കു നൽകിയ റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അമിത ശുഭാപ്തി വിശ്വാസക്കാരായ ബാങ്കുകൾ, സർക്കാർ സംവിധാനങ്ങളുടെ ഇഴച്ചിൽ, കുറഞ്ഞ നിരക്കിലുള്ള വളർച്ച എന്നിവയാണ് കിട്ടാക്കടങ്ങൾ വർധിക്കാനുള്ള കാരണമെന്നും ബിജെപി നേതാവ് മുരളീ മനോഹർ ജോഷി അധ്യക്ഷനായ പാർലമെന്റ് സമിതിക്ക് നൽകിയ റിപ്പോർട്ടിൽ രഘുറാം രാജൻ പറയുന്നു.
പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുകളുടെ വ്യാപ്തി വർധിക്കുകയാണെങ്കിലും നിഷ്ക്രിയ ആസ്തികളെ അപേക്ഷിച്ച് ഇത് താരമ്യേന കുറവാണ്. വായ്പാ തട്ടിപ്പുകൾ കണ്ടെത്താൻ താൻ ഗവർണർ ആയിരുന്ന കാലയളവിൽ സെൽ സ്ഥാപിച്ചിരുന്നു. വായ്പാ തട്ടിപ്പു കേസുകൾ അന്വേഷണ ഏജൻസികൾക്കു കൈമാറുകയും ചെയ്തു. ഇതിനൊപ്പം വമ്പൻ തട്ടിപ്പുകളുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടായതായി തനിക്ക് അറിയില്ല. അടിയന്തരമായി പരിഗണിക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
രഘുറാം രാജന്റെ മുന്നറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിക്കു നേരെ ആരോപണശരവുമായി കോൺഗ്രസ് രംഗത്തുവന്നു. വായ്പാ തട്ടിപ്പുകാരെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. 12 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്നുവരെയുള്ളതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലെ പറഞ്ഞു.
https://www.facebook.com/Malayalivartha


























