ആശ്രിത നിയമനത്തിന് വിവാഹിതയായ മകള്‍ക്കും അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.

ജോലിയിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വിവാഹിതനായ മകനെപ്പോലെ തന്നെ, വിവാഹിതയായ മകള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. പി.ആര്‍. രേണുക എന്നയാളുടെ പരാതിയിന്‍മേല്‍ വിധി പറയവേയാണ് ഈ കാര്യത്തില്‍ ആശ്രിതരുടെ വിവാഹാവസ്ഥ പരിഗണിക്കരുത് എന്ന് കോടതി അഭിപ്രായപ്പെട്ടത്. മൃഗസംരക്ഷണ വകുപ്പില്‍ ജോലിയിലിരിക്കെ രേണുകയുടെ പിതാവ് 1998ല്‍ മരണമടയുമ്പോള്‍ അയാളുടെ നാലു പെണ്‍മക്കളില്‍ മൂന്നു പേര്‍ വിവാഹിതരായിരുന്നു.
മൂത്തമകളായ രേണുക അപ്പോള്‍ വിവാഹിതയായിരുന്നുവെങ്കിലും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അച്ഛനോടൊപ്പം കഴിയുകയായിരുന്നു. 1999 സെപ്റ്റംബറില്‍ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. 2002 സെപ്റ്റംബറില്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ചപ്പോള്‍ അച്ഛന്‍ മരിക്കുമ്പോള്‍ രേണുക വിവാഹിതയായിരുന്നു എന്ന കാരണം പറഞ്ഞ് അവരുടെ അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. പിതാവിന്റെ മരണത്തിന്‍ മുന്‍പുതന്നെ അച്ഛനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന രേണുക മരണശേഷമാണ് വിവാഹമോചനം നേടിയത് എന്നത് ആശ്രിത നിയമനം നിഷേധിക്കാന്‍ മതിയായ കാരണമല്ല എന്ന് കോടതി വിലയിരുത്തി. എട്ടാഴ്ചക്കുള്ളില്‍ രേണുകയ്ക്ക് നിയമനം നല്‍കണമെന്ന് കോടതി ബന്ധപ്പെട്ട അധികാരികള്‍ക്കു നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























