ഗുഡ്ഗാവില്‍ ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യയ്ക്കു പിന്നാലെ മകനും മരിച്ചു
ഗുഡ്ഗാവില്‍ ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യയ്ക്കു പിന്നാലെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കാന്ത് ശര്‍മയുടെ മകന് ധ്രുവ്(18) ആണ് ഇന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങിയത്. തലക്ക് വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ധ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 13 നാണ് ധ്രുവിനും മാതാവ് റിതു(38)വിനും ഗണ്‍മാന്റെ വെടിയേറ്റത്. നെഞ്ചിനു വെടിയേറ്റ റിതു അന്ന് രാത്രി തന്നെ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. ഒക്ടോബര്‍ 13 ന് ശനിയാഴ്ച വൈകുന്നേരം 3.30ന് സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട് മകനെതിരെയും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം ധ്രുവിനെ വലിച്ചിഴച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡില്‍ ഉപേക്ഷിച്ച് ഗണ്മാന് കാര്‍ ഓടിച്ച് പോവുകയായിരുന്നു. പോകുന്ന വഴി ഇയാള്‍ ജഡ്ജിയുടെ ഫോണിലേക്ക് വിളിച്ച് താന്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അറിയിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയ മഹിപാല്‍ സിങ് അവിടെയും വെടിയുതിര്‍ത്തു. ഇയാളെ അവിടെ വച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫരീദാബാദില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
അതേസമയം, വെടിയുതിര്‍ത്തതിനു പിന്നിലെ കാരണം വ്യക്തമല്ല. ജഡ്ജിയുടെ കുടുംബത്തിന്റെ മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്ഥതയാണ് മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്
"
https://www.facebook.com/Malayalivartha