അമൃത്സർ ട്രെയിന്‍ ദുരന്തം; മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളേയും ദത്തെടുക്കുമെന്ന് നവജ്യോത് സിംഗ് സിദ്ദു

അമൃത്സറില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളേയും ദത്തെടുക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സിദ്ധുവും ഭാര്യയും ചേര്‍ന്ന് ദത്തെടുക്കാനാണ് തീരുമാനം. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും മറ്റ് ചെലവുകളും സിദ്ദു വഹിക്കും.
അമൃത്സറില്‍ വെള്ളിയാഴ്ചയാണ് വന്‍ ട്രെയിന്‍ ദുരന്തം ഉണ്ടായത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണരൂപം കത്തിക്കുന്നത് കാണാന്‍ റെയില്‍വേ ട്രാക്കില്‍ നിന്നവരെ ട്രെയിന്‍ ഇടിച്ച് 61 പേരാണ് മരിച്ചത്. ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 21 കുടുംബങ്ങള്‍ക്ക് തുക കൈമാറി. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ തുക കൈമാറുമെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി അറിയിച്ചു.
സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ മുഖ്യാതിഥി ആയിരുന്ന ദസറ ആഘോഷ പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. ട്രാക്കിന് സമീപം രാവണരൂപം കണാന്‍ നിന്നവര്‍ പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 61 പേര്‍ തല്‍ക്ഷണം മരിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ സൗരഭ് മന്ദന്‍ ആണ് പരിപാടിയുടെ മുഖ്യ സംഘാടകന്‍. ഇയാള്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha




















