തീപിടിയ്ക്കാൻ സാധ്യത; ബി.എം.ഡബ്ല്യൂ പത്തു ലക്ഷത്തിലേറെ ഡീസല്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചേക്കും

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ തങ്ങളുടെ പത്തു ലക്ഷത്തിലേറെ ഡീസല്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് തീ പിടിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നടപടി. ലോകമെമ്പാടുമായി 16 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുമെന്നാണ് സൂചന.
ചില ഡീസല്‍ കാറുകളില്‍ ഗ്ലൈക്കോള്‍ കൂളിംഗ് ഫ്‌ളൂയിഡ് ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍കുലേഷന്‍ കൂളറില്‍ കണ്ടെത്തിയ തകരാണ് പ്രശ്‌നമായത്. ഇതു മറ്റ് പദാര്‍ത്ഥങ്ങളുമായി കൂടിച്ചേര്‍ന്ന് തീ പിടിക്കുമോ എന്നാണ് സംശയമുയര്‍ന്നത്. വില്പനക്കാരുമായ ബന്ധപ്പെട്ട് ഉടമകളില്‍ നിന്നും കാറുകള്‍ തിരിച്ചുവിളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്ന് ബി.എം.ഡബ്ല്യൂ അറിയിച്ചു. പരിശോധനയില്‍ കുഴപ്പം കണ്ടെത്തിയാല്‍ ആ ഭാഗം മാറ്റിവയ്ക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ ബി.എം.ഡബ്ല്യൂ യൂറോപിലേയും ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി 480,000 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ 30 കാറുകള്‍ തീപിടിച്ചതോടെ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha




















