കോണ്‍ഗ്രസിനെ നാറ്റിച്ച് മിസ്സോറാം: മത്സരിച്ച രണ്ടു സീറ്റിലും മുഖ്യമന്ത്രി തോറ്റു

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് രാജ്യത്ത് വന്‍ തിരിച്ചുവരവിനുള്ള സൂചനകള്‍ നല്‍കുമ്പോഴും പാര്‍ട്ടിക്ക് നാണക്കേടായി മിസോറാം. മിസോറാം നാഷണല്‍ ഫ്രണ്ടിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതാണ് മറ്റ് നാലു സംസ്ഥാനങ്ങളിലെ വിജയത്തിനിടയിലും കോണ്‍ഗ്രസിന് തിരിച്ചടിയായത്. മിസോറാം മുഖ്യമന്ത്രിയായിരുന്ന ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടതും കോണ്‍ഗ്രസിന് നാണക്കേടായി.
സെര്‍ച്ചിപ്പ്, ചംബായ് സൗത്ത് സീറ്റുകളിലായിരുന്നു ലാല്‍ തന്‍ഹാവ്‌ല ജനവിധി തേടിയത്. രണ്ട് തവണ മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ അദ്ദേഹത്തിന്റെ പരാജയം പാര്‍ട്ടിക്ക് രണ്ട് സീറ്റുകളാണ് നഷ്ടമാക്കിയത്. 76കാരനായ ലാല്‍ തന്‍ഹാവാല 2008 ഡിസംബര്‍ മുതല്‍ മിസോറാം മുഖ്യമന്ത്രിയാണ്. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
അതേസമയം, കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന അവസാനത്തെ സംസ്ഥാനമാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയും സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുമായ എം.എന്‍.എഫ് പിടിച്ചെടുത്തത്. അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയുടെ പിന്തുണ തേടില്ലെന്ന് എം.എന്‍.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
40 സീറ്റുകളുള്ള സംസ്ഥാനത്ത് 27 സീറ്റുകള്‍ സ്വന്തമാക്കിയാണ് മിസോറാം നാഷണല്‍ ഫ്രണ്ട് സംസ്ഥാനം പിടിച്ചെടുത്തത്. ഭരണക്ഷിയായ കോണ്‍ഗ്രസിന് 6 സീറ്റുകള്‍ മാത്രമാണ് നേടിയത്. സംസ്ഥാനത്ത് അദ്യമായി അക്കൗണ്ട് തുറന്ന ബിജെപി ഉള്‍പ്പെടെ 7 സീറ്റുകള്‍ മറ്റുള്ളവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















