കാട്ടില്‍ ധ്യാനം ചെയ്യുന്നതിനിടെ പുലിപിടിച്ചു: യുവ ബുദ്ധസന്യാസിക്ക് ദാരുണാന്ത്യം

കാട്ടില്‍ ധ്യാനം ചെയ്യുന്നതിനിടെ ബുദ്ധ സന്യാസി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയില്‍ രംഗേദി ഗ്രാമത്തിലാണ് സംഭവം. വനാതിര്‍ത്തിയില്‍ താഡോബ അന്ധേരി കടുവ സങ്കേതത്തില്‍പ്പെട്ട പ്രദേശമാണ് രംഗേദി. ഇവിടെ കാട്ടിനുള്ളില്‍ വര്‍ഷങ്ങളായി തുടരുന്ന ബുദ്ധവിഹാരത്തിലെ രാഹുല്‍ വാക്കേ(35)യാണ് കൊല്ലപ്പെട്ടത്.
ഒരു മാസമായി വിഹാരത്തില്‍ നിന്നകലെ കാട്ടിനുള്ളില്‍ ഏകാന്തനായി പൂര്‍ണ്ണ ധ്യാനത്തിലായിരുന്നു വാക്കേ. ദിവസവും രാവിലെ രണ്ടു സന്യാസിമാര്‍ വാക്കേയ്ക്കുള്ള ഭക്ഷണവുമായെത്തും. തിങ്കളാഴ്ച രാവിലെ ഇവര്‍ ഭക്ഷണവുമായെത്തിയപ്പോള്‍ പുലി ആക്രമിക്കുന്നതാണ് കണ്ടത്. സഹായത്തിനായി കൂടുതല്‍ ആളുകളെ വിളിച്ചെത്തിയപ്പോഴേയ്ക്കും വാക്കേ മരിച്ചിരുന്നു.
വന്യജീവികള്‍ ധാരാളം വിലസുന്ന കടുവാ സങ്കേതമാണ് രംഗേദി. കാട്ടിനുള്ളിലേയ്ക്കു പോകുന്നത് അപകടമാണെന്ന് സന്യാസിമാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. പുലിയുടെ ആക്രമണത്തെത്തുടര്‍ന്ന് കാടിനു സമീപത്തെ ക്ഷേത്രത്തിലെ സന്ദര്‍ശന സമയവും കടുവാ സങ്കേതത്തിലെ സന്ദര്‍ശന സമയവും കുറച്ചു. ജനവാസമുള്ളയിടത്തിനു ചുറ്റും സൗരവൈദ്യുത വേലി പണിയാനും ആലോചനയുണ്ട്. നരഭോജിയായ പുലിയെ പിടികൂടാന്‍ കെണി വെച്ചിട്ടുണ്ട്. താഡോബയില്‍ കണക്കുകള്‍ പ്രകാരം 88 കടുവകളും പുലികളും മറ്റു വന്യമൃഗങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha






















