ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് എതിരെ അണ്ണാ ഡി.എം.കെയില്‍ മന്ത്രിമാരും നേതാക്കളും രംഗത്ത്

ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് എതിരെ അണ്ണാ ഡി.എം.കെയില്‍ മന്ത്രിമാരും നേതാക്കളും രംഗത്ത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത പിന്തുടര്‍ന്ന ഒറ്റക്ക് മത്സരിക്കല്‍ നയം സ്വീകരിച്ചാല്‍ മതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനായി ഇവര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍ സമ്മര്‍ദം ചെലുത്തിവരുകയാണ്.
ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, പാര്‍ട്ടി വക്താവും മുന്‍ ധനമന്ത്രിയുമായ സി. പൊന്നയ്യന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പി സഖ്യത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.തമിഴ് മണ്ണില്‍ ബി.ജെ.പിയുടെ താമര വിരിയിക്കലല്ല തങ്ങളുടെ ജോലിയെന്ന് തമ്പിദുരെ പ്രസ്താവിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മാത്രമാണ് ബി.ജെ.പിയുമായി സഖ്യം ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിനുശേഷം നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ ഒട്ടുമിക്ക മന്ത്രിമാരും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു.
ബി.ജെ.പിയുമായി മുന്നണി ബന്ധമുണ്ടാക്കിയാല്‍ ന്യൂനപക്ഷ വോട്ടുകള്‍ക്ക് പുറമെ പാര്‍ട്ടിക്ക് പരമ്പരാഗതമായി ലഭ്യമാവുന്ന വോട്ടുകള്‍കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. തമിഴകത്തില്‍ മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരായ ജനവികാരം ശക്തമായ നിലയില്‍ സഖ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള സമ്മര്‍ദമുണ്ടായാലും വഴങ്ങേണ്ടതില്ലെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha























