കൈമാറൽ നീക്കത്തിന് തടയിട്ട് മെഹുല്‍ ചോക്സിയുടെ നിർണ്ണായക നീക്കം; വിവാദ ഇന്ത്യൻ വ്യവസായി പൗരത്വം ഉപേക്ഷിച്ചതായി റിപ്പോർട്ട്

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ചോക്സി പാസ്പോര്‍ട്ട് തിരികെ സമര്‍പ്പിച്ചത്. ഇന്ത്യയിലേക്കു തിരികെ അയയ്ക്കാനുള്ള നീക്കം തടയുന്നതിന്റെ ഭാഗമായാണ് ചോക്സിയുടെ നടപടിയെന്നു കരുതപ്പെടുന്നു.
ഹൈക്കമ്മീഷനില്‍ ചോക്സി തന്റെ പുതിയ വിലാസം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോളി ഹാര്‍ബര്‍ മാര്‍ക്സ്, ആന്റിഗ്വ എന്നതാണ് ചോക്സിയുടെ പുതിയ വിലാസം. ഇതോടെ ചോക്സിയുടെ ഇരട്ട പൗരത്വം ഇല്ലാതായി.
ചോക്സിയെ ഇന്ത്യക്കു വിട്ടുനല്‍കണമെന്ന കേസില്‍ ആന്റിഗ്വയില്‍ വാദം കേള്‍ക്കുകയാണ്. ഇന്ത്യയും ആന്റിഗ്വയും തമ്മില്‍ കുറ്റവാളികളെ വിട്ടുനല്‍കുന്നതു സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ചോക്സിയെ വിട്ടുതരണമെന്ന് ഇന്ത്യ ആന്റിഗ്വയോട് ഔദ്യോഗികമായി ആഭ്യര്‍ഥിച്ചിരുന്നു. ചോക്സിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്സിയും നീരവ് മോദിയും കുടുംബസമേതം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണു രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്.
https://www.facebook.com/Malayalivartha























