ജയ്ന്തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ത്യന്‍ നാവിക സേന പുറത്തെടുത്തു

മേഘാലയയിലെ കിഴക്കന്‍ ജയ്ന്തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. അപകടം നടന്ന് 42 ദിവസത്തിനു ശേഷമാണ് 15 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ത്യന്‍ നാവിക സേന പുറത്തെത്തിച്ചത്. ഖനിയുടെ 370 അടി താഴ്ചയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു അയച്ചു.
അഴുകി ഛിന്നഭിന്നമായ നിലയിലുള്ള മൃതദേഹം കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്താനായത്. ബുധനാഴ്ച ഖനിയുടെ പുറംവാതില്വരെ മൃതദേഹം എത്തിച്ചെങ്കിലും വഴുതി വീണ്ടും താഴ്ചയിലേക്കു വീണു. ഖനിയുടെ 100 അടി താഴ്ചയിലാണ് വ്യാഴാഴ്ച മൃതദേഹം കാണപ്പെട്ടത്. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്ന മൃതദേഹം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി എടുക്കുകയായിരുന്നു.
ഖനിയില്‍ അകപ്പെട്ട എല്ലാവരുടേയും മൃതദേഹം പുറത്തെടുക്കണമെന്ന് തൊഴിലാളികളുടെ ബന്ധുക്കള്‍ നാവിക സേനയോട് ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ അന്ത്യ ശുശ്രൂഷ നിര്‍വഹിക്കാന്‍ മൃതദേഹം പുറത്തെടുത്ത് തരണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് ആരും ജീവനോടെ ഉണ്ടാവാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും നാവിക സേന പ്രവര്‍ത്തനം തുടര്‍ന്നത്.
2018 ഡിസംബര്‍ 13 ന് കിഴക്കന്‍ ജയ്ന്തിയ കുന്നിലെ അനധികൃത ഖനിയിലായിരുന്നു അപകടം. എലിമടകള്‍ എന്നറിയപ്പെടുന്ന തുരങ്കങ്ങളാല്‍ ബന്ധിതമായ ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. 250 അടി വിസ്താരമുള്ള ഖനിയില്‍ 70 അടിയോളം ജലനിരപ്പുണ്ട്. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിവരുന്നത്. അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha






















