ഖജനാവിൽ നിന്ന് പണമെടുത്ത് സ്വന്തം പ്രതിമ നിർമ്മിച്ചു; മായാവതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; ചിലവായ തുക തിരച്ചടയ്‌ക്കേണ്ടി വന്നേക്കുമെന്നും കോടതി

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി നേതാവുമായ മായാവതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഉത്തർപ്രദേശിലെ അംബേദ്കർ സാമാജിക് പരിവർത്തൻ സ്ഥൽ എന്ന അംബേദ്കർ പാർക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്‍റെയും കൻഷിറാമിന്‍റെയും പ്രതിമകൾക്കൊപ്പം സ്വന്തം പ്രതിമകളും ആനയുടെ പ്രതിമകളും കൂടി വച്ചതിനാണ് മായാവതിയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് രൂക്ഷവിമർശനം കേൾക്കേണ്ടി വന്നത്. പണം മായാവതിയ്ക്ക് തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് പ്രഥമദൃഷ്ട്യാ നിരീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലക്നോവിലും നോയിഡയിലുമാണ് ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമ നിര്‍മിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനോ സ്വന്തം പ്രതിമകള്‍ നിര്‍മിക്കുന്നതിനോ പൊതു ഖജനാവിലെ പണം ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസ് ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് അംഗങ്ങൾ. കേസിൽ ഇനി ഏപ്രിൽ രണ്ടിന് വാദം കേൾക്കും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് മാസത്തിലേക്ക് കേസിന്‍റെ വാദം മാറ്റണമെന്ന് മായാവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ബിഎസ്പി അധികാരത്തിലിരുന്ന 2006-ലാണ് ഉത്തർപ്രദേശിലെമ്പാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായി. പ്രതിമാനിർമാണക്കരാറുകളിൽ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























