കൊടുംകൊലയ്‌ക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ; അപ്രതീക്ഷിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്രാജ്യത്തിന്റെ സുരക്ഷയ്ക്കു കാവല്‍ നില്‍ക്കാനായി ജീവിതം സമര്‍പ്പിച്ച നാല്പത്തിയഞ്ചോളം ധീരസൈനികർ ; രാജ്യം ഞെട്ടിത്തരിക്കുകയും പ്രിയ ദേശാഭിമാനികളുടെ വേര്‍പാടില്‍ പൊട്ടിക്കരയുകയും ചെയ്യുന്ന ഈ നിമിഷം ഒട്ടേറെ ദുരൂഹതകള്‍ ഈ കൊടുംകൊലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നതും ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി

ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രണമാണ് കഴിഞ്ഞ ദിവസം പുൽവാമ ജില്ലയിലെ അവന്തിപോരയിൽ നടന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കു കാവല്‍ നില്‍ക്കാനായി ജീവിതം സമര്‍പ്പിച്ച നാല്പത്തിയഞ്ചോളം ധീരസൈനികരാണ് അവിടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാജ്യം ഞെട്ടിത്തരിക്കുകയും പ്രിയ ദേശാഭിമാനികളുടെ വേര്‍പാടില്‍ പൊട്ടിക്കരയുകയും ചെയ്യുന്ന ഈ നിമിഷം ഒട്ടേറെ ദുരൂഹതകള്‍ ഈ കൊടുംകൊലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നതും ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പരിശീലനം കഴിഞ്ഞ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് മടങ്ങുകയായിരുന്ന സിആർപിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് തലച്ചോറു മരവിച്ച ചാവേറുകളെ വച്ച് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയത്. അതീവ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്ന ശ്രീനഗർ-ജമ്മു ദേശീയപാതയിലെ ഗോരിപോര മേഖലയിലാണ‌് ഈ സ‌്ഫോടനം നടന്നതെന്ന് അത്ഭുതം തന്നെയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സൈനിക വ്യൂഹത്തിനു നേരേ സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റുകയായിരുന്നു ഭീകരര്‍. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കു കാത്തുനില്‍ക്കാനും പതുങ്ങിയിരിക്കാനും സ്ഥലവും സാവകാശവും എങ്ങനെ കിട്ടി എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.
എഴുപതോളം ബസുകളാണ് സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ നിരവധി പേര്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, പുല്‍മവാമാ ദുരന്തത്തിലുണ്ടായിരിക്കുന്നത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നാണ് എന്‍ഡിടിവിയും ഐഎഎന്‍എസും ഉള്‍പ്പെടെ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുന്നത്. കശ്മീരിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ സുരക്ഷാവീഴ്ചയെന്ന് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികും അഭിപ്രായപ്പെട്ടത് തള്ളിക്കളയാന്‍ കഴിയുന്നതല്ല.
ഭീഷണി സന്ദേശവുമായി രണ്ടു ദിവസം മുമ്പു തന്നെ ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നുവത്രെ. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്താനില്‍ നടത്തിയ ആക്രണങ്ങളുടെ ദൃശ്യങ്ങളുള്‍പ്പെടുന്ന വീഡിയോ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ടാണ് ഭീകരര്‍ രാജ്യത്തെ വെല്ലുവിളിച്ചത്. എന്നാല്‍ വേണ്ട സുരക്ഷ മുന്‍കരുതലുകള്‍ ഒന്നുംതന്നെ ഏജന്‍സികള്‍ സ്വീകരിച്ചില്ല എന്ന് എന്‍.ഡി.ടി.വി ചൂണ്ടിക്കാട്ടുന്നു. കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും എന്തുകൊണ്ട് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത പാലിച്ചില്ല എന്നത് ദുരൂഹമായ ചോദ്യമായി നിലനില്‍ക്കുന്നു. ഇന്ത്യന്‍ സേനകള്‍ക്കുനേരേ സ്ഫോടനവസ്തുക്കള്‍ കൊണ്ടുള്ള ആക്രമണമുണ്ടാകാമെന്ന് കാശ്മീര്‍ പൊലീസിന്റെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ മുന്നറിയിപ്പുകളെല്ലാം നിലനില്‍ക്കുമ്പോഴാണ് യാതൊരു പ്രതിരോധവുമില്ലാതെ മരണത്തിന്റെ വായിലേക്ക് 2547 ജവാന്മാരടങ്ങിയ 78 വാഹനങ്ങളുടെ സംഘത്തെ വിട്ടുകൊടുത്തതെന്നോര്‍ക്കുമ്പോള്‍ രാജ്യത്തു നിറയുന്ന ഭീതി ചെറുതല്ല.
1980ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കശ്‌മീരില്‍ ഉണ്ടാകുന്ന 18-ാമത്തെ വലിയ ആക്രമണമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണത്തെ ശക്തിയായ ഭാഷയില്‍ അപലപിച്ചിരിക്കുന്നു. എന്നാല്‍ വെറും അപലപിക്കല്‍കൊണ്ട് നാലര വര്‍ഷം ഭരിച്ച ഭരണാധികാരിയുടെ ഉത്തരവാദിത്തം കഴുകിമാറ്റാനാകുമോ എന്ന ചോദ്യം നാലുഭാഗത്തുനിന്നും ഉയര്‍ന്നു കഴിഞ്ഞു. കാശ്മീരിലെ ഭീകരരുടെ നട്ടെല്ല‌് തങ്ങൾ തകർത്തു എന്ന‌് നരേന്ദ്ര മോഡി പ്രഖ്യാപിച്ചിട്ട് രണ്ടാഴ‌്ച തികയുന്നില്ല. അതിനുമുമ്പാണ് രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ട് അഴിഞ്ഞാടാന്‍ ഭീകരര്‍ക്ക് പാത ഒരുക്കിക്കൊടുത്തരിക്കുന്നത്. 2014നുശേഷം വൻ സ‌്ഫോടനങ്ങൾ എങ്ങും ഉണ്ടായിട്ടില്ലെന്നതാണ‌് സുപ്രധാനനേട്ടമായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടിയത‌്. ആ അവകാശവാദങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ‌് ഭീകരാക്രമണം വീണ്ടും ഉണ്ടായത‌്. 2001നുശേഷം കശ‌്മീർ താഴ്വരയിലെ ഏറ്റവും വലിയ ആക്രമണം കൂടിയാണിത‌്. 2001 ഒക‌്ടോബർ ഒന്നിന‌് ശ്രീനഗറിലെ സംസ്ഥാന അസംബ്ലി ഗേറ്റിലേക്ക‌് സ‌്ഫോടകവസ‌്തുക്കൾ നിറച്ച ടാറ്റാ സുമോ ഓടിച്ചുകയറ്റിയുണ്ടാക്കിയ സ‌്ഫോടനത്തിൽ 38 പേരും മൂന്ന‌് ഭീകരരും കൊല്ലപ്പെട്ടിരുന്നു. 2016ൽ ഉറി ഭീകരാക്രമണം നടന്നു. അതിന് പാകിസ്ഥാൻ അതിർത്തി മറികടന്ന‌് സർജിക്കൽ സ‌്ട്രൈക്കിലൂടെ സൈന്യം ഭീകരർക്ക‌് തിരിച്ചടി നൽകുകയായിരുന്നു. ആ തിരിച്ചടിയുടെ പേരിലാണ് നരേന്ദ്രമോദിയും ബിജെപിയും ഇപ്പോഴും ഊറ്റം കൊള്ളുന്നത്. എന്നാല്‍ കൊലയ്ക്കു കൊലയും പകരം കൊലയും സമാധാനത്തിനു പകരമാകില്ലെന്ന് മനസ്സിലാക്കാനുള്ള ശേഷി നമ്മുടെ അധികാരികള്‍ക്കില്ല. കഴിഞ്ഞ ദിവസം അഗ്നിക്കിരയായ നാല്‍പത്തിയഞ്ചോളം ധീരജവാന്മാരുടെ ജീവനു വില കല്‍പ്പിക്കാത്തവര്‍ നാളെ തിരിച്ചടിക്കുമെന്നു വീമ്പു പറയുമ്പോള്‍ അവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു വ്യക്തം.
രാജ്യം കാക്കുന്ന സൈനികരെ ഭീകരരുടെ തോക്കിന്‍കുഴിലിനു വിട്ടു കൊടുക്കുക. അതിനുശേഷം അവസരം കിട്ടുമ്പോള്‍ ഭീകരരെയോ പാകിസ്ഥാന്‍ സൈനികരെയോ കൊന്ന് പകരം ചെയ്തുവെന്ന് കൊട്ടിഘോഷിക്കുക. പാകിസ്ഥാനിലെ കഴിഞ്ഞകാല ഭരണകര്‍ത്താക്കള്‍ അവര്‍ക്കെതിരേ ജനരോഷം വരുമ്പോഴൊക്കെ ഇന്ത്യ ആക്രമിക്കാന്‍ വരുന്നു എന്നു പ്രചരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടുക പതിവായിരുന്നു. അതിന്റെ മറവിലാണ് ആ രാജ്യത്ത് ഏകാധിപത്യവും അഴിമതിയും അരങ്ങു തകര്‍ത്തത്. അതിനേക്കാള്‍ അപകടകരമായ കളിയിലാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൈനികര്‍ക്കു നേരിട്ട ദുരന്തം കൃത്യമായ സുരക്ഷാവീഴ്ചയില്‍ സംഭവിച്ചതാണെന്നതും അത് തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണെന്നതും ഏറെ ദുരാഹത സൃഷ്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒന്നുകില്‍ രാമക്ഷേത്രം അല്ലെങ്കില്‍ രാജ്യസ്നേഹം ഇതൊക്കെ കടന്നുവരുമെന്ന് പലരും പറഞ്ഞിരുന്നു. ഇത്ര ക്രൂരമായ തരത്തിലാകുമെന്ന് രാജ്യം പ്രതീക്ഷിച്ചില്ല. ഭീകരർക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നൽകുകയെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപനം ഒരു യുദ്ധപ്രഖ്യാപനത്തിന്റെ മുന്നോടിയാണോ എന്നും സംശയമുണ്ട്.
അര ദശാബ്ദം കിട്ടിയിട്ടും കാശ്മീര്‍ പ്രശ്നത്തില്‍ ഗൌരവപൂര്‍ണമായ ഒരു നീക്കവും നടത്താത്ത കേന്ദ്ര സര്‍ക്കാര്‍ ഓരോ നിമിഷം കഴിയുമ്പോഴും പുല്‍വാമാ ദുരന്തത്തിന്റെ ഉത്തരവാദികളായി മാറുകയാണ്.
https://www.facebook.com/Malayalivartha