ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി. വസന്തകുമാര്‍ ഇനി ജനമനസ്സുകളില്‍ ജ്വലിക്കുന്ന ഓര്‍മ്മ

ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി. വസന്തകുമാര്‍ ഇനി ജനമനസ്സുകളില്‍ ജ്വലിക്കുന്ന ഓര്‍മ. പിച്ചവെച്ചുനടന്ന തൃക്കൈപ്പറ്റ മുക്കംകുന്നിലെ തടവാട് വീടിനു സമീപത്തെ സമുദായ ശ്മശാനത്തില്‍ ഇന്നലെ രാത്രിയോടെ സംസ്ഥാന, സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു. നേരത്തേ, കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഭൗതികശരീരവുമായി പുറപ്പെട്ട വിലാപയാത്ര വൈകീട്ട് ആറോടെയാണ് ജന്മനാട്ടിലെത്തിയത്.
കടന്നുവന്ന വഴികളില്‍ ധീരജവാന് പ്രണാമം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനുപേര്‍ തടിച്ചുകൂടി. മൃതദേഹം വഹിച്ച സൈനികവാഹനം വസന്തിന്റെ വീട്ടിലെത്തുമ്പോഴേക്കും അവിടെ ജനസാഗരമായി മാറി.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിസരത്തെ വീട്ടില്‍ 15 മിനിറ്റ് പൊതുദര്‍ശനം. വസന്തിനെ മരണം തട്ടിയെടുത്ത വിവരം വിശ്വസിക്കാനാവാതെ അമ്മ ശാന്തയും ഭാര്യ ഷീനയും മകള്‍ അനാമികയും വിങ്ങിപ്പൊട്ടി ഭൗതികശരീരം അടക്കംചെയ്ത പെട്ടിയുടെ മുകളിലേക്ക് തളര്‍ന്നുവീണു. ഇതിനിടെ വികാരനിര്‍ഭരനായി അഞ്ചുവയസ്സുള്ള മകന്‍ അമര്‍ദീപ് പിതാവിന് യാത്രാമൊഴി നേര്‍ന്ന കാഴ്ച തടിച്ചുകൂടിയവരുടെ നെഞ്ചുലച്ചു. പ്രിയപ്പെട്ടവരും ബന്ധുക്കളും അന്ത്യോപചാരമര്‍പ്പിച്ചശേഷം വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി ഗവ. എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പൊതുദര്‍ശനം. അവസാനമായി നാടിന്റെ പുത്രന് യാത്രാമൊഴി നേരാന്‍ വന്‍ ജനാവലി ഒഴുകിയെത്തി. റോഡും സമീപത്തെ കെട്ടിടങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
'ധീര ജവാന്‍ വസന്തകുമാര്‍ അമര്‍ രഹേ' വിളികൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ നാട് വിടചൊല്ലി. രാത്രി 7.30ഓടെ ഭൗതികശരീരം വഹിച്ചുള്ള വാഹനവ്യൂഹം 26 കിലോമീറ്റര്‍ അകലെയുള്ള തൃക്കൈപ്പറ്റ മുക്കംകുന്നിലെ കുടുംബവീട്ടിലേക്ക് യാത്രതിരിച്ചപ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലും വന്‍ ജനാവലിയുണ്ടായിരുന്നു. തുടര്‍ന്ന് മുള്ളുക്കുറുമ സമുദായ ആചാരപ്രകാരം സമീപത്തെ കുടുംബശ്മശാനത്തില്‍ സംസ്ഥാന, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha