കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' ; വീരമൃത്യുവടഞ്ഞ വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍' പറഞ്ഞത് ഇങ്ങനെയാണ്...

കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍'പറഞ്ഞത് ഇങ്ങനെയാണ്. കാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷേ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വിവി വസന്ത കുമാറിന്റെ മൃതദേഹം ഇന്നലെ വൈകീട്ടായിരുന്നു വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ലക്കിടിയിലും തുടര്‍ന്ന് ചടങ്ങുകള്‍ക്കായി വീട്ടിലുമെത്തിച്ചപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.
കുടുംബാഗങ്ങള്‍ക്കിടയിലേക്ക് വിഷമകരമായ ദൗത്യവുമായാണു കണ്ണൂരില്‍നിന്ന് സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് അലക്‌സ് ജോര്‍ജും സംഘവും എത്തിയിരുന്നത്. അവസാനമായി വസന്തകുമാറിനെ കാണാന്‍ കഴിയില്ലെന്ന കാര്യം കുടുംബത്തെ അറിയിക്കേണ്ടത് അലക്‌സ് ജോര്‍ജിന്റെ ഉത്തരവാദിത്വമായിരുന്നു.
വസന്തകുമാറിന്റെ അര്‍ദ്ധ സഹോദരന്‍ സജീവിനെയായിരുന്നു ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചത്.വീട്ടുകാരെ കണ്ടശേഷം വസന്തകുമാറിന്റെ അര്‍ധസഹോദരന്‍ സജീവിനെ അടുത്തേക്ക് വിളിച്ച അലക്‌സ് ജോര്‍ജ് ചുറ്റുംകൂടിയ ആളുകളില്‍നിന്ന് സജീവിനെ അല്‍പം ദൂരേക്കു മാറ്റിനിര്‍ത്തിയാണ് പെട്ടി തുറക്കില്ലെന്ന കാര്യം അവതരിപ്പിച്ചത്.
'വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാന്‍ ആരും വാശിപിടിക്കരുത്. ഉറ്റവരെ ഇതറിയിക്കണം.' എന്നായിരുന്നു അലക്‌സ് ജോര്‍ജ് പറഞ്ഞത്. മറുപടി പറയാന്‍ കഴിയാതെ തലതാഴ്ത്തി തിരിഞ്ഞു നടക്കുകമാത്രമായിരുന്നു സജീവന്‍ ചെയ്തത്. വീടിനുള്ളിലേക്ക് പോയ സജീവന്‍ ബന്ധുക്കളെ ഇത് അറിയിക്കുകയും ചെയ്തു. തുടര്‍ന്നു വസന്തകുമാര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു.വൈത്തിരി പൂക്കോട് വെറ്ററിനറി കോളേജിന് സമീപം വാഴക്കണ്ടി വീട്ടില്‍ വസന്തുകുമാര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ക്ക് ഔദ്യോഗിക വിവരം ലഭിച്ചത്.
സി.ആര്‍.പി.എഫ് 82ാം ബറ്റാലിയന്‍ അംഗമാണ് ഇദ്ദേഹം. നേരത്തെ പഞ്ചാബില്‍ സേവനം അനുഷ്ഠിച്ചിരുന്ന വസന്തകുമാര്‍ ഈ മാസം രണ്ടിന് നാട്ടിലെത്തിയിരുന്നു. എട്ടാം തീയതി വരെ നാട്ടിലുണ്ടായിരുന്ന വസന്തകുമാര്‍ ഹവില്‍ദാര്‍ ആയി സ്ഥാനക്കയറ്റം കിട്ടി പരിശീലനത്തിനാണ് പുല്‍വാമയിലേക്ക് പോയ്ത്. വ്യാഴാഴ്ച രാവിലെ പുല്‍വാമയിലെത്തിയ വിവരം വീട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നു. പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളേജില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കള്‍: മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ അനാമിക, യുകെജി വിദ്യാര്‍ഥിയായ അമര്‍ദീപ്.
https://www.facebook.com/Malayalivartha

























