കോളിളക്കമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുമായി കേന്ദ്രം; റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍; വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. റഫാല്‍ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പുതിയ രേഖകള്‍ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആദ്യം വ്യക്തമാക്കിയത്. പഴയ രേഖകളുടെ അടിസ്ഥാനത്തില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
ചില ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തോടെ മോഷ്ടിക്കപ്പെട്ട രേഖകളാണ് ദ് ഹിന്ദു ദിനപത്രത്തില്‍ വന്നതെന്നാണ് എ ജി കെ കെ വേണുഗോപാല്‍ വാദിച്ചത്. മോഷ്ടിക്കപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച ദിനപത്രം ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റമാണ് ചെയ്തത്. ദ് ഹിന്ദുവിനെതിരെ കേസെടുക്കണം. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തില്‍ വന്നത്. ഇതും കുറ്റകരമാണ്. കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. രണ്ടു ദിനപത്രങ്ങള്‍ക്ക് എതിരെയും ഒരു മുതിര്‍ന്ന അഭിഭാഷകന് എതിരെയും ക്രിമിനല്‍ നടപടിയെടുക്കുമെന്നാണ് കെ കെ വേണുഗോപാല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളാണ് മോഷണം പോയത്. ഇത് അതീവ ഗൗരവതരമാണെന്നും അന്വേഷണം നടക്കുകയാണെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. കോടതിയെ സ്വാധീനിക്കാനാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും എ ജി കോടതിയോട് ആവശ്യപ്പെട്ടു. ഹിന്ദുവിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു.
https://www.facebook.com/Malayalivartha





















