ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച പരീക്കറിന് 64 വയസ്സായിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം അന്തരിച്ചത്. പനാജിയിലെ ആശുപത്രിയിൽ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.
മനോഹർ പരീക്കറുടെ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ തീവ്രമായി പ്രയത്നിക്കുന്നുണ്ടെന്നും ട്വീറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ഡൽഹി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. നിലവിൽ പനാജിയിൽ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മനോഹർ പരീക്കറുടെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതൽ വഷളായത്. പുതിയ സാഹചര്യത്തിൽ ഗോവ എം.എൽ.എമാരുടെയും കോർ കമ്മിറ്റി അംഗങ്ങളുടെയും യോഗം ബിജെപി വിളിച്ചുചേർത്തിരുന്നു.
മോദി മന്ത്രിസഭയിൽ 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു. ഭാരതീയ ജനതാപാർട്ടിയുടെ ഗോവയിലെ മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കർ. നിർണായക നീക്കങ്ങളിലൂടെ, സംസ്ഥാനത്ത് തുടർച്ചയായി ബിജെപിയെ അധികാരത്തിലെത്തിച്ച ജനസമ്മതൻ. പരീക്കർ വിടവാങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ശക്തനും സൗമ്യനുമായ മറ്റൊരുനേതാവിനെയാണ്.
മനോഹർ ഗോപാൽകൃഷ്ണ പ്രഭു പരീക്കർ. അതായിരുന്നു മുഴുവൻപേര്. ഗോവ മപുസയില്‍ 1955ൽ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഐഐടി ബോബെയിൽനിന്ന് ബിരുദം. വിദ്യാഭ്യാസത്തിനൊപ്പം ആർഎസ്എസിന്‍റെ സജീവപ്രവർത്തകൻ. ആദ്യം നോർത്ത് ഗോവയിലും പിന്നെ സംസ്ഥാനത്തും സംഘടനയെ വളർത്തി. അയോധ്യ രാമജൻമഭൂമിവിഷയത്തിൽ സംഘപരിവാർ നീക്കങ്ങളിൽ പങ്കാളിയായശേഷം 1994ൽ ആദ്യമായി എംഎൽഎ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 99ൽ പ്രതിപക്ഷനേതാവായി. തൊട്ടടുത്തവർഷം ബിജെപിയെ ഗോവയിൽ അധികാരത്തിലെത്തിച്ചു. മുഖ്യമന്ത്രിയായി. പിന്നെ, രാഷ്ട്രീയകരുനീക്കങ്ങൾ ഒരുപാടുകണ്ടു ഗോവ.
2012ൽ വൻഭൂരിപക്ഷത്തിൽ ഗോവ കോൺഗ്രസിൽനിന്ന് തിരിച്ചുപിടിച്ച പരീക്കറിനോട്, രണ്ടുവർഷത്തിനപ്പുറം മുഖ്യമന്ത്രിപദം ഉപേക്ഷിച്ച് വിമാനംകയറാൻ നരേന്ദ്രമോദി നിർദേശിച്ചു. കേന്ദ്ര പ്രതിരോധമന്ത്രിയെന്ന സുപ്രധാന വകുപ്പാണ് പരീക്കറിനെ തേടിവന്നത്. ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയലെത്തി. മോദിസർക്കാരിലെ വിശ്വസ്തമുഖമായും, നിർണായകഘട്ടങ്ങളിൽ 'ഡിസിഷൻ മേക്കറായും' പരീക്കർ മാറി. കോൺഗ്രസ് ഭരണകാലത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ അന്വേഷണംപ്രഖ്യാപിച്ചു. പക്ഷെ, കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെ അധികാരത്തിലെത്തിക്കാൻ മൂന്നുവർഷത്തിനിപ്പുറം പരീക്കർ, തിരികെ ഗോവയിലെത്തി. വീണ്ടും മുഖ്യമന്ത്രിയായി. ഇതിനിടെയിലാണ് അർബുദംപിടിപെടുന്നതും, നാളേറെ ചികിൽസ തുടർന്നതും, ഒടുവിലിപ്പോൾ വിടവാങ്ങുന്നതും.
https://www.facebook.com/Malayalivartha





















