ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ വിശാല സഖ്യസ്വപ്‌നങ്ങള്‍ക്ക് ഏതാണ്ട് അവസാനമായി... സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങള്‍ ഉണ്ടാക്കിയും സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാനാണ് ബിജെപിയുടെ ശ്രമം

ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ വിശാല സഖ്യസ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചു. ബിഹാറിലൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസിന്റെ മഹാസഖ്യ നീക്കം വിജയിച്ചില്ല. അതേ സമയം സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങള്‍ ഉണ്ടാക്കിയും സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാനാണ് ബിജെപിയുടെ ശ്രമം.
കോണ്‍ഗ്രസ് ആശിച്ച പോലെ ബിഹാറില്‍ മഹാസഖ്യം യാഥാര്‍ഥ്യമായി. പക്ഷേ ചോദിച്ച സീറ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല. എന്‍ഡിഎയില്‍ നിന്ന് ഉപേന്ദ്ര കുശ് വാഹയുടെ പാര്‍ട്ടിയെ പ്രതിപക്ഷ ചേരിയിലെത്തിക്കാനായി. തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാനായി. പക്ഷേ ഉത്തര്‍ പ്രദേശില്‍ വിശാല സഖ്യമോഹം നടപ്പായില്ല. എസ്പി, ബിഎസ്പി സഖ്യം അമേഠിയും റായ് ബറേലിയും മാത്രം ഒഴിച്ചിട്ട് കോണ്‍ഗ്രസിനെ നാണം കെടുത്തി. ഇപ്പോള്‍ നീക്കുപോക്കിന് പോലും സാധ്യതില്ലാത്തവണ്ണം സഖ്യവും കോണ്‍ഗ്രസും അകന്നിരിക്കുകയാണ്. രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി പ്രഖ്യാപിക്കുകയും ചെയ്തു.
കര്‍ണാടകയില്‍ സിറ്റിങ് സീറ്റ് വിട്ടു കൊടുത്താണ് ജെഡിഎസിനെ ഒപ്പം നിര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് അപ്പുറം പുതിയ പാര്‍ട്ടിയെ കൊണ്ടു വരാനും കോണ്‍ഗ്രസിനായില്ല. ബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ ശ്രമിച്ച ധാരണയും പൊളിഞ്ഞു. ടിഡിപിയുമായുള്ള സഖ്യം തെലങ്കാന തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ വേണ്ടെന്നു വച്ചു. ദില്ലിയില്‍ എഎപിയുമായി ലക്ഷ്യംവച്ച സഖ്യമാവട്ടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയില്‍ തട്ടി എങ്ങുമെത്തിയില്ല
അതേസമയം ബിഹാറില്‍ മഹാസഖ്യത്തെ നേരിടാന്‍ അഞ്ചു സിറ്റിങ് സീറ്റ് വിട്ടു കൊടുത്താണെങ്കിലും നിതീഷ് കുമാറുമായി ബിജെപി സഖ്യമുണ്ടാക്കി. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു രാം വിലാസ് പാസ്വാനെയും ഒപ്പം നിര്‍ത്തി. പരസ്പരം നിരന്തരം വിമര്‍ശനം തുടരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം ബിജെപി തുടരുകയാണ്. നിയമസഭയില്‍ തുല്യ സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യത്തിനും ബിജെപി വഴങ്ങി.
വെറും അഞ്ചു സീറ്റേ കിട്ടിയുള്ളൂവെങ്കിലും തമിഴ്‌നാട്ടില്‍ എഐഡിഎംകെയുമായും ബിജെപിക്ക് സഖ്യമുണ്ടാക്കാനായി. പഞ്ചാബില്‍ അകാലി ദളുമായുള്ള സഖ്യം തുടരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളുമായും ബിജെപിക്ക് സഖ്യമുണ്ടാക്കാനായി. പൗരത്വ ബില്ലില്‍ പിണങ്ങിയ അസം ഗണ പരിഷത്തിനെ അടക്കം തിരികെ കൊണ്ടു വന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാനും ബിജെപിക്കായി. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും ബിജെപിയുടെ വിളിപ്പുറത്തുണ്ട്.
https://www.facebook.com/Malayalivartha





















