ബിജെപി മിന്നിക്കും ; കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന നേതൃത്വം തയാറാക്കിയ സാധ്യതാ പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചു കേന്ദ്രനേതൃത്വം; തീരുമാനം ഇന്ന്

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന നേതൃത്വം തയാറാക്കിയ സാധ്യതാ പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചു കേന്ദ്രനേതൃത്വം. രാവിലെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച നേതൃത്വം, രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും സാന്നിധ്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ ബിജെപി വിജയസാധ്യത കാണുന്ന പത്തനംതിട്ടയ്ക്കു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പിടിവലി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഇവിടെ പരിഗണിച്ചിരുന്നെങ്കിലും തൃശൂരില്‍ മല്‍സരിപ്പിക്കാനാണു ധാരണ. ഇവിടെ ബിഡിജെഎസിലെ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരത്തിനില്ലെന്ന വിവരത്തെ തുടര്‍ന്നാണിത്. തൃശൂരില്‍ മല്‍സരിക്കാന്‍ സുരേന്ദ്രനും നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കാണു മുഖ്യപരിഗണന. അല്‍ഫോന്‍സ് കണ്ണന്താനവും തനിക്കു വിജയസാധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ പത്തനംതിട്ടയിലേക്കു പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതില്ലെങ്കില്‍ കണ്ണന്താനത്തിന് എറണാകുളത്താണു സാധ്യത. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മല്‍സരത്തിനില്ലെന്ന് അറിയിച്ചിരുന്ന എം.ടി. രമേശിന്റെ കാര്യത്തില്‍ സൂചനകളില്ല. ഇതിനിടെ, കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ ടോം വടക്കനെ നല്ലൊരു സീറ്റില്‍ പരിഗണിക്കണമെന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തു ബിജെപി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്റെ പേരു മാത്രമാണു സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചത്. പാലക്കാട് സീറ്റില്‍ തുടക്കം മുതല്‍ പറഞ്ഞുകേട്ടിരുന്ന ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മല്‍സരിപ്പിക്കാനുള്ള സാധ്യതയും ബിജെപി ദേശീയനേതൃത്വത്തിനു മുന്നിലുണ്ട്. നേരത്തെ പി. കൃഷ്ണദാസിന്റെ പേരാണ് ഇവിടെ പരിഗണിച്ചിരുന്നത്. പാലക്കാട്ട് സി. കൃഷ്ണകുമാറിനാണു പ്രഥമ പരിഗണന.
https://www.facebook.com/Malayalivartha





















