ബിജെപി തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ് ഡിസൈന്‍ കമ്പനി രംഗത്ത്...

ബിജെപി തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ് ഡിസൈന്‍ കമ്പനി രംഗത്തെത്തി. ഡിസൈന്‍ ചെയ്ത കമ്പനിയുടെ പേരു പാര്‍ട്ടി മറച്ചുവച്ച് തങ്ങളുടെ ഉത്പന്നം അതേപടി പകര്‍ത്തിയെന്ന് ഡബ്ല്യു3 ലേഔട്ട്‌സ് ആരോപിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയുമായാണ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വെബ്‌സൈറ്റ് താത്കാലികമായി പ്രവര്‍ത്തനക്ഷമമായത്. ബിജെപിയുടെ ഐടി സെല്‍ തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം സന്തോഷം തോന്നിയിരുന്നു. എന്നാല്‍ പ്രതിഫലം നല്‍കാതെ ബാക്ക്‌ലിങ്ക് ഒഴിവാക്കിയശേഷമാണു ഞങ്ങളുടെ ടെംപ്ലേറ്റ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍മാതാക്കളുടെ പേര് പോലും നല്‍കാന്‍ ബിജെപി തയാറായിട്ടില്ലെന്നും കമ്പനി പരാതിപ്പെടുന്നു.
നിര്‍മാതാക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. കമ്പനിയുടെ പേരും ബാക്ക്‌ലിങ്കും ഒഴിവാക്കി. പക്ഷേ ബിജെപി ഇപ്പോഴും ഉപയോഗിക്കുന്നത് സ്ഥാപനത്തിന്റെ കോഡ് തന്നെയാണ്. പേജിന്റെ സോഴ്‌സ്‌കോഡില്‍ ഇക്കാര്യം സ്പഷ്ടമാണ്. നിര്‍മാതാക്കളുടെ പേര് കൂടി ഉള്‍പ്പെടുത്താന്‍ ബിജെപി തയ്യാറാകണമെന്നും ഡബ്ല്യു3 ലേഔട്ട്‌സ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു. അവര്‍ ഇപ്പോള്‍ സൈറ്റ് കോഡ് പൂര്‍ണമായും മാറ്റിയേക്കാം. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി ഇത്തരമൊരു കാര്യം ചെയ്യുന്നത് അത്ഭുതമാണ്.
ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും നീരുമാണ് മോഷ്ടിച്ചത്. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന മനസിലാക്കിയപ്പോള്‍ അവഗണിച്ചെന്നും കമ്പനി ട്വീറ്റ് ചെയ്തു.സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്കെതിരെ രംഗത്തെത്തി. അതേസമയം ബിജെപിയുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.
L
https://www.facebook.com/Malayalivartha





















