തരൂരിന്റെ കയ്യില്‍ 25,000; ബാങ്കില്‍ അഞ്ച് കോടി; നിക്ഷേപം 15 കോടി ;തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കോടീശ്വരനാണെങ്കിലും കയ്യില്‍ ഇരുപത്തയ്യായിരം രൂപയേ ഉള്ളൂ. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉദിയന്നൂരില്‍ നിന്നും മണ്ഡല പര്യടനം ആരംഭിച്ച ശേഷമാണ് തരൂര്‍ പത്രിക സമര്‍പ്പിക്കാനായി പുറപ്പെട്ടത്. രാവിലെ 11.45ന് ശാസ്തമംഗത്തെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി, വി.എസ്.ശിവകുമാര്‍ എം.എല്‍.എ എന്നിവരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം 12.30ന്് വരണാധികാരിയായ ജില്ലാ കലക്ടറുടെ ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചു.
മൂന്ന് സെറ്റ് പത്രികയാണ് തരൂര്‍ സമര്‍പ്പിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍ എം.വിന്‍സന്റ് എന്നിവര്‍ ചേര്‍ന്നാണ് തരൂരിനെ നിര്‍ദ്ദേശിച്ചത്. മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളാണ് ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ കെട്ടി വയ്ക്കാനുള്ള തുക നല്‍കിയത്. മൂന്നാം തവണ ജനവിധി തേടുന്ന തനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദേശീയതലത്തില്‍ തിരുവനന്തപുരം മണ്ഡലത്തിന്റെ ഏറ്റവും അനുയോജ്യമായ ശബ്ദം ഏതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി അറിയാമെന്നും പത്രിക സമര്‍പ്പിച്ച ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക ആത്മഹത്യയും വര്‍ഗീയതയും ഇല്ലാതാക്കാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും തരൂര്‍ പറഞ്ഞു.
തരൂരിന്റെ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ
കൈവശമുള്ള പണം 25,000 രൂപ,
ബാങ്ക് നിക്ഷേപം 5,88,93,996 രൂപ
മറ്റു നിക്ഷേപങ്ങള്‍ 15,32,66,871
വാഹനങ്ങള്‍ മാരുതി സിയാസ് (2016 മോഡല്‍, ആറു ലക്ഷം രൂപ മതിപ്പു വില)
ഫിയറ്റ് ലിനിയ (2009 മോഡല്‍, 75,000 രൂപ മതിപ്പ്)
സ്വര്‍ണം 1142 ഗ്രാം (മതിപ്പു വില 38,01,718 രൂപ)
ക്രിമിനല്‍ കേസുകള്‍ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി
ബന്ധപ്പെട്ടും രണ്ടു കേസുകള്‍
ജോലി സാമൂഹ്യപ്രവര്‍ത്തനം
ജംഗമ ആസ്തികളുടെ ആകെ മൂല്യം 34,00,22,585 രൂപ
സ്ഥാവര ആസ്തി ആകെ മൂല്യം 1,00,00,000 രൂപ
സ്വയാര്‍ജിത സ്ഥാവര വസ്തുക്കളുടെ വാങ്ങിയ വില 45,00,000 രൂപ
സ്വയാര്‍ജിത ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില 95,00,000 രൂപ
പിന്തുടര്‍ച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില 5,00,000 രൂപ
https://www.facebook.com/Malayalivartha























