ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊണ്ടുവന്ന വിവാദ ഭേദഗതികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കൊണ്ടുവന്ന വിവാദ ഭേദഗതികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിക്ക് 2014 സെപ്തംബറില്‍ കൊണ്ടുവന്ന മുഴുവന്‍ ഭേദഗതികളും റദ്ദാക്കിയ 2018 ഒക്ടോബറിലെ ഹൈക്കോടതി വിധിക്ക് എതിരെ ഇപിഎഫ്ഒ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ ദീപക്ഗുപ്ത, സഞ്ജീവ്ഖന്ന എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് തള്ളിയത്.
പെന്‍ഷന് അര്‍ഹമായ പരമാവധി ശമ്പളം 15,000 രൂപയാക്കി പരിമിതപ്പെടുത്തുകയും പെന്‍ഷന്‍ നിര്‍ണയത്തിന് 12 മാസത്തിന് പകരം 60 മാസത്തെ ശമ്പളശരാശരി ആധാരമാക്കിയും ഇപിഎഫ്ഒ കൊണ്ടുവന്ന തൊഴിലാളിദ്രോഹ ഭേദഗതികളാണ് കേരളാ ഹൈക്കോടതി റദ്ദാക്കിയത്. പെന്‍ഷന് അര്‍ഹമായ പരിധിക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ആനുപാതികമായി വിഹിതം അടച്ച് ഉയര്‍ന്ന പെന്‍ഷന്‍ നേടാമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതും ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ നിശ്ചിത തിയതി ഏര്‍പ്പെടുത്തുന്നതുമായ വ്യവസ്ഥകളും ഭേദഗതിയിലുണ്ടായിരുന്നു.
ഭേദഗതി ചോദ്യം ചെയ്തുള്ള 500 ലേറെ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി വിവാദ വ്യവസ്ഥകളെല്ലാം റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപിഎഫ്ഒയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സഹകരണബാങ്കിലെയും കെഎസ്എഫ്ഇയിലെയും ജീവനക്കാര്‍ തടസ്സഹര്‍ജികളും സമര്‍പ്പിച്ചിരുന്നു. കൈലാസനാഥപിള്ള, നിഷേരാജന്‍ശങ്കര്‍ എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha























