ഉദ്വേഗങ്ങള്‍ക്ക് അറുതിവരുത്തി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറുന്നു... അമേത്തിക്കു പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചുവടുറപ്പിക്കാന്‍

ഉദ്വേഗങ്ങള്‍ക്ക് അറുതിവരുത്തി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയുടെതെരഞ്ഞെടുപ്പ് ചിത്രം മാറുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയല്ല രാഹുല്‍ ഈ കൊച്ചു കേരളത്തിലേക്ക് വരുന്നത്. അമേത്തിക്കു പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചുവടുറപ്പിക്കാനാണ്. കേരള അതിര്‍ത്തിയായ വയനാട് കര്‍ണാടകയോടും തമിഴ്‌നാടിനോടും തൊട്ടുകിടക്കുന്ന ജില്ലയാണ്. മൂന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കൂടി 88 ലോക്‌സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസും യു.പി.എ ഘടകകക്ഷികളും കൂടി 21 സീറ്റാണ് ജയിച്ചത്. ഇത്തവണ അതൊരു 75 സീറ്റിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള ഓട്ടപ്പന്തയത്തില്‍ കോണ്‍ഗ്രസിന് ഒന്നാമതെത്താന്‍ കഴിഞ്ഞേക്കാം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്റെ പോസിറ്റിവ് ഘടകം ഇതാണ്.കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം ഭരിക്കുന്ന കര്‍ണാടകയില്‍ കഴിഞ്ഞതവണ 18 സീറ്റ് ജയിച്ച ബി.ജെ.പിക്കു ഇത്തവണ അത് നിലനിര്‍ത്താന്‍ പ്രയാസമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തകര്‍ന്നു പോയ ഡി.എം.കെ കോണ്‍ഗ്രസുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന തമിഴ്‌നാട്ടില്‍ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
2014ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 സീറ്റ് നേടിയ യു.ഡി.എഫിനും രാഹുല്‍ ഇഫക്ട് തുണയാകും. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ബാലികേറാമലയായി തുടരുന്ന ആന്ധ്രയിലും തെലങ്കാനയിലും ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ രാഹുലിന്റെ വരവ് സാര്‍ഥകമാവും.കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ കര്‍ണാടക വരെ മത്സരിക്കാന്‍ മുമ്പ് എത്തിയിട്ടുണ്ടെങ്കിലും സഹ്യനിപ്പുറം വരുന്നത് ഇതാദ്യമാണ്. ഇന്ദിരഗാന്ധിയും സോണിയ ഗാന്ധിയും കര്‍ണാടകയില്‍നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍, കേരളം അന്നൊന്നും പരിഗണിക്കപ്പെട്ടിട്ടു പോലുമില്ല. അതിനാല്‍, അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ മുന്നേറ്റം എല്‍.ഡി.എഫിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയിരിക്കുകയാണ്.ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പിലെ ഏക ;പ്രതീക്ഷ കേരളമാണ്. നിലവില്‍ എട്ട് സീറ്റുകളുള്ള എല്‍.ഡി.എഫിന് അതു നിലനിര്‍ത്തുക പ്രയാസമാകും. 1977 ലെ പോലെ ട്വന്റി ട്വന്റി ആണ് യു.ഡി.എഫിന്റെ അവകാശ വാദം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിച്ചതില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതാവര്‍ത്തിക്കാന്‍ സാധ്യത വിരളമാണ്. കാരണം നരേന്ദ്ര മോദിയെ ഭരണത്തില്‍നിന്നു ഇറക്കിവിടാന്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു നിശ്ശബ്ദ വോട്ട് ഇത്തവണ ഉറപ്പായിരുന്നു. രാഹുല്‍ സ്ഥാനാര്‍ഥിയാകുകകൂടി ചെയ്തതോടെ അതൊരു തരംഗമായി മാറുകയാണ്.
https://www.facebook.com/Malayalivartha























