ബുക്ക് ചെയ്ത ശേഷം സിനിമ കാണുന്നില്ലെന്ന് തീരുമാനിച്ച യുവതിക്ക് നഷ്ടമായത് 40,000 രൂപ; മറ്റൊരു യുവാവിന് പോയത് 60,000!

ലക്നൗവിലെ ജാനകീപുരത്തുള്ള യുവതിക്ക്, ഇഷ്ടപ്പെട്ട സിനിമ കാണുന്നില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 40,000 രൂപ. തിങ്കളാഴ്ച ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത യുവതിക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ ഇവര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ തന്നെ നടന്ന മറ്റൊരു കേസില്‍ ബാങ്ക് എക്സിക്യുട്ടീവ് എന്ന് പറഞ്ഞ് വിളിച്ച ഫോണ്‍കോള്‍ വഴി യുവാവിനെ കബളിപ്പിച്ചെടുത്തത് 60,000 രൂപയായിരുന്നു.
ജാനകീപുരത്തെ ജാന്‍വി എന്ന യുവതിയാണ് പരാതിക്കാരി. ഇവര്‍ ഒരു പ്രമുഖ വെബ്സൈറ്റ് വഴി മാര്‍ച്ച് 30-ന് ഒരു സിനിമയുടെ നാലു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. പിന്നീട് സിനിമ കാണുന്നില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് പറഞ്ഞിരിക്കുന്ന സയയത്തിനകത്ത് തന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ടിക്കറ്റിനായി നല്‍കിയ തുക അക്കൗണ്ടില്‍ ക്രെഡിറ്റായില്ല. ഇതോടെ വെബ്സൈറ്റിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ ഏജന്റ് മുഷിഞ്ഞു സംസാരിച്ചു. അതിന് ശേഷം കുറേ കഴിഞ്ഞ് ബുക്കിംഗ് വെബ്സൈറ്റിന്റെ ഏജന്റ് എന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ വിളിച്ചു.
ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയാലേ പണം മടക്കി നല്‍കാന്‍ കഴിയൂ എന്ന് വ്യക്തമാക്കി. എന്നാല്‍ ഈ കോള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ തന്റെ അക്കൗണ്ടില്‍ 40,000 രൂപ കുറവ് വന്നെന്ന് ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തനിക്ക് വന്ന നമ്പരിലേക്ക് പിന്നീട് പല തവണ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്ന് യുവതി വ്യക്തമാക്കുന്നു.
ബാങ്ക് എക്സിക്യൂട്ടീവ് എന്ന പേരില്‍ വിളിച്ചയാളാണ്, രണ്ടാമത്തെ സംഭവത്തില്‍ രഘുവംശ് കുമാര്‍ സിംഗ് എന്നയാളില്‍ നിന്നും 60,000 രൂപ തട്ടിയെടുത്തത്. ഡെബിറ്റ് കാര്‍ഡ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്നാവശ്യപ്പെട്ട് ഒരാള്‍ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ കോള്‍ പൂര്‍ത്തിയായപ്പോള്‍ അക്കൗണ്ടില്‍ നിന്നും മാറിയത് 60,000 രൂപയായിരുന്നു. രണ്ടു സംഭവത്തിലും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























