രാഹുൽ ഇന്നെത്തും, ഒപ്പം പ്രിയങ്കയും; വയനാട്ടിൽ നാമനിര്‍ദേശ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാത്രി കോഴിക്കോട്ടെത്തും

വയനാട്ടിൽ നാമനിര്‍ദേശ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാത്രി കോഴിക്കോട്ടെത്തും. അസമില്‍ നിന്ന് രാത്രി എട്ടുമണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കോഴിക്കോട്ട് എത്തും. ഗസ്റ്റ് ഹൗസിലാണ് താമസം.
നാളെ ഒമ്പത് മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. നാളെ രാവിലെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും. മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുൻപ് അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു.
നാളെ രാവിലെ മാത്രമേ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേരുകയുള്ളുവെന്നാണ് സൂചന. രാഹുലിന്റെ വരവിന്റെ മുന്നോടിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനക്, കെ.സി. വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ കോഴിക്കോട്ടെത്തി. വയനാട് മണ്ഡലത്തില്‍ ഉള്‍പെടുന്ന പ്രസിഡന്റുമാര്‍ , കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗവും ഇന്നു കോഴിക്കോട് നടക്കുന്നുണ്ട്.
വിക്രം മൈതാനത്ത് നിന്ന് പറന്നുയരുന്ന ഹെലികോപ്റ്റര്‍ വയനാട് കലക്ട്രേറ്റിന് സമീപമുള്ള സ്കൂള്‍ മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെ കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിലവിലെ തീരുമാനം.
https://www.facebook.com/Malayalivartha





















