ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായി നാം നല്‍കിയ വില ഒരിക്കലും മറക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
'ഇന്ന് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കാലഗതിയെ തന്നെ മാറ്റി മറിച്ച നികൃഷ്ടവും ഞെട്ടിപ്പിക്കുന്നതുമായ ഒരു ഏടാണിത്. സ്വാതന്ത്ര്യത്തിനായി നാം നല്‍കിയ വില ഒരിക്കലും മറക്കരുതെന്ന്'- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്.
ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവെപ്പ് നടന്നത്.
379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക്. 1800ൽ ഏറെ പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയിൽ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടൻ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha