അരുണാചലിലെ കണക്കെടുപ്പ്, കമ്മിഷന് കഷ്ടപ്പാട് തന്നെ!

ഓരോ വോട്ടറെയും എത്ര വിലപ്പെട്ടവരായാണു നമ്മുടെ ജനാധിപത്യ സംവിധാനം കാണുന്നതെന്നറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അരുണാചല്‍ പ്രദേശില്‍ നേരിടുന്ന 'കഷ്ടപ്പാടുകള്‍' അറിയണം. ഒട്ടേറെ ബോധവല്‍ക്കരണങ്ങള്‍ക്കു ശേഷവും വോട്ടിന്റെ വില തിരിച്ചറിയാത്തവര്‍ പ്രത്യേകിച്ചും. എത്രയൊക്കെ ആഹ്വാനങ്ങളുണ്ടായാലും 'ഇതൊക്കെ എന്ത്' എന്ന് അവഗണിച്ച് വോട്ട് ചെയ്യാതിരിക്കുന്ന എത്രയോ പേരുണ്ട്. എന്നാല്‍,
ആകെയുള്ള രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നിയമസഭയിലെ 60 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍തന്നെ പൂര്‍ത്തിയായി. പക്ഷേ, ഒപ്പം വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെയൊക്കെ കണക്കുകള്‍ പുറത്തുവന്ന ശേഷമാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അരുണാചലിലെ പോളിങ് ശതമാനം കണക്കുകൂട്ടിത്തുടങ്ങിയത്. മലമുകളിലും ഉള്‍ക്കാടുകളിലുമുള്‍പ്പെടെയുള്ള വിദൂര ഗ്രാമങ്ങളിലെ ബൂത്തുകളില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികളുമായി തിരിച്ചെത്തിയിട്ടു വേണമല്ലോ കണക്കെടുപ്പ്!
ആകെ 7,98,249 വോട്ടര്‍മാരാണ് അരുണാചലിലുള്ളത്. പോളിങ് ബൂത്തുകള്‍ 2202. ഇതില്‍ 518 എണ്ണം വിദൂര ബൂത്തുകളാണ്. ഒറ്റപ്പെട്ട ഉള്‍ഗ്രാമങ്ങളിലെ ഈ ബൂത്തുകളിലെത്താന്‍ 12 മണിക്കൂര്‍ മുതല്‍ മൂന്നു ദിവസം വരെ സഞ്ചരിക്കണം. കാടും മലയും അരുവികളുമെല്ലാം കടന്നുള്ള യാത്രയില്‍ പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകും.
മുക്തോ മണ്ഡലത്തിലുള്ള ലുഗുതാങ് ഗ്രാമത്തിലെ പോളിങ് ബൂത്തിലെത്താന്‍ ഉദ്യോഗസ്ഥര്‍ 13,583 അടി മലചവിട്ടേണ്ടിവന്നു. അഞ്ചു ഗ്രാമങ്ങളിലേക്ക് ഇത്തവണ പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും ഹെലികോപ്റ്ററില്‍ 'എയര്‍ലിഫ്റ്റ്' ചെയ്യുകയായിരുന്നു. വാഹന ഗതാഗതം സാധ്യമല്ലാത്ത വനാന്തരങ്ങളിലെ ചില ദുര്‍ഘട പാതകള്‍ താല്‍ക്കാലികമായി 'നന്നാക്കി' ട്രാക്ടറിലാണു ചില ബൂത്തുകളിലെത്തിയത്. അതുപോലും പറ്റാത്തിടത്തു കഴുതപ്പുറത്തായിരുന്നു വോട്ടിങ് യന്ത്രത്തിന്റെയും പോളിങ് ഉദ്യോഗസ്ഥരുടെയും യാത്ര!
ഈ വിദൂര ബൂത്തുകളില്‍ പലതിലും വോട്ടര്‍മാരുടെ എണ്ണം തീരെക്കുറവാണ്. പത്തില്‍താഴെ വോട്ടര്‍മാരുള്ള ഏഴു ബൂത്തുകള്‍ സംസ്ഥാനത്തുണ്ട്. പക്കെ-കെസാങ് മണ്ഡലത്തിലെ ലാംട ബൂത്തില്‍ ആറു വോട്ടര്‍മാരാണുള്ളത്. പത്തിനും നൂറിനുമിടയില്‍ വോട്ടര്‍മാരുള്ള 281, 101-200 വോട്ടര്‍മാരുള്ള 453 വീതം ബൂത്തുകള്‍ അരുണാചലിലുണ്ട്.
മലോഗാവ് ഗ്രാമത്തിലെ പോളിങ് ബൂത്തിലേക്ക് ഉദ്യോഗസ്ഥരും പൊലീസുകാരും ചുമട്ടുകാരുമെല്ലാമായി ഇരുപതോളം പേര്‍ 12 മണിക്കൂര്‍ വനത്തിലൂടെ നടന്ന് എത്തിയത് ഒരേയൊരു വോട്ട് രേഖപ്പെടുത്താനാണ്! സകേല തയേങ് എന്ന 39 വയസ്സുകാരി മാത്രമാണ് ഈ ബൂത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍. അവരുടെ വോട്ട് രേഖപ്പെടുത്തിയതോടെ 100% പോളിങ് എന്ന റെക്കോര്‍ഡുമായി ഇരുപതു പേരും തിരികെ ജില്ലാ ആസ്ഥാനത്തേക്ക്.
ഇത്ര കഷ്ടപ്പെട്ട് ഇവിടങ്ങളില്‍ചെന്ന് വിരലിലെണ്ണാവുന്ന വോട്ടുകള്‍ ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികള്‍ മിനക്കെടാറില്ല. എന്നുകരുതി തിരഞ്ഞെടുപ്പ് കമ്മിഷന് ഇവരെ അങ്ങനെയങ്ങ് അവഗണിക്കാന്‍ കഴിയില്ലല്ലോ... ഓരോ പൗരന്റെയും അവകാശം സംരക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയാറുള്ള വ്യവസ്ഥിതി കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തുള്ളത്.
https://www.facebook.com/Malayalivartha