രാഷ്ട്രീയനേതാക്കളേയും പ്രവര്‍ത്തകരേയും പരിഹാസ്യരായി അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ പരിപാടികൾക്കെതിരെ പൊട്ടിത്തെറിച്ച് കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി

രാഷ്ട്രീയപ്രവര്‍ത്തകരെ തരം താഴ്ത്തുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയനേതാക്കളേയും പ്രവര്‍ത്തകരേയും പരിഹാസ്യരായി അവതരിപ്പിക്കുന്ന പുതുതലമുറചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈസൂരുവില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കുമാരസ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തകരെ അനായാസം പരിഹസിക്കാന്‍ സാധിക്കുമെന്നത് കൊണ്ടാണോ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി മാധ്യമങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും കുമാരസ്വാമി ചോദിച്ചു. തങ്ങള്‍ ഒരു പണിയുമില്ലാത്തവരാണോയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളുടെ സഹായത്താലല്ല മറിച്ച് കര്‍ണാടകത്തിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് തന്റെ സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് പോകുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ചാനലുകളില്‍ വരുന്ന പരിപാടികള്‍ വെറുതെ ഉറക്കം നഷ്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കൂവെന്നും അക്കാരണത്താല്‍ അത്തരം പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ ഭാവിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളെ സരസമായി നേരിട്ട് അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ അനുഗ്രഹത്താല്‍ അത് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു. സഖ്യകക്ഷി സര്‍ക്കാര്‍ സുസ്ഥിരതയോടെ മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ സഹകരണം കൊണ്ടാണെന്നും കുമാരസ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha