കൊലക്കേസ് തെളിയിച്ച രജനികാന്ത്; ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ ഏറെ വിവാദമായ കൊലക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം

ആന്ധ്രാ പ്രദേശിലെ നെല്ലൂരിലെ ഏറെ വിവാദമായ കൊലക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം. രജനീകാന്തിന്റെ കടുത്ത ആരാധകനായ രജനികാന്ത് എന്ന വിളിപ്പേരുള്ള രാമസ്വാമിയെ കുടുക്കിയത് സ്വന്തം ഓട്ടോയില്‍ പതിപ്പിച്ച 'രജനീകാന്ത് സ്റ്റിക്കര്‍ ആയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നെല്ലൂരിലെ ബോണ്ടിലി നിര്‍മ്മലാ ഭായ് എന്ന 45 വയസ്സുകാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് ചുട്ടെരിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെങ്കിലും സംഭവം കൊലപാതകമാണെന്ന് പോലീസിന് പ്രാഥമിക പരിശോധനയില്‍ തന്നെ മനസിലായിരുന്നു.
സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ നിര്‍മ്മലാ ഭായ് ഭര്‍ത്താവിന്റെ മരണശേഷം നെല്ലൂരിലെ രാമലിംഗപുരത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മകന്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു. മകള്‍ തിരുപ്പതിയിലെ കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നു. ഇക്കാര്യമെല്ലാം തന്നെ അറിയാവുന്ന ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്നേ ഉറപ്പിച്ചിരുന്നെങ്കിലും പ്രതിയിലേക്കെത്താനുള്ള ഒരു തുമ്ബും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് തെളിവിനാധാരമായ സി.സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്.
സംഭവ ദിവസം നിര്‍മ്മലാ ഭായിയുടെ വീടിന് സമീപത്ത് ഒരു ഓട്ടോറിക്ഷ വന്നതും അല്പസമയത്തിനുശേഷം തിരിച്ചുപോകുന്നതുമാണ് സി.സി.ടി.വി.യിലുണ്ടായിരുന്നത്. എന്നാല്‍ ഓട്ടോ ഡ്രൈവറുടെ മുഖമോ വാഹനത്തിന്റെ നമ്ബറോ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നില്ല . ഇതിനിടെയാണ് ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ പതിച്ച സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വലിയചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഈ ഓട്ടോറിക്ഷ കണ്ടെത്താനായി പോലീസിന്റെ ശ്രമം.
നെല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും ഏകദേശം പതിനായിരത്തിലേറെ ഓട്ടോകളാണ് പോലീസ് സംഘം തെരഞ്ഞത്. ഒടുവില്‍ കഴിഞ്ഞ ദിവസം മുഥുകൂറിലെ അപ്പോളോ ജംഗ്ഷനില്‍നിന്ന് ആ രജനീകാന്ത് ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറെ കൈയോടെ പിടികൂടുകയും ചെയ്തു.
ആദ്യ ചോദ്യം ചെയ്യലില്‍തന്നെ താനാണ് കുറ്റം ചെയ്തതെന്ന് ഓട്ടോ ഡ്രൈവറായ രജനീകാന്ത് എന്ന് വിളിപ്പേരുള്ള രാമസ്വാമി പോലീസിനോട് സമ്മതിച്ചു. നിര്‍മ്മലാ ഭായിയുടെ വീട്ടില്‍നിന്ന് സ്വര്‍ണമാലയും വളകളും രണ്ടായിരം രൂപയും മോഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























