കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതയും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ 35000 സൈനികരെ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 15 വരെയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. അമര്‍നാഥ് യാത്രയ്ക്കായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കശ്മീരിലേക്ക് എത്തുന്ന സമയമാണിത്. ഇതിനിടയിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കാനും സഞ്ചാരികളായി എത്തിയവരെ മടക്കി അയക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുൻകരുതലാണെന്നു ഔദ്യോഗിക വിശദീകരണം ഉണ്ടെങ്കിലും അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം വളരെ ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും അഭ്യൂഹം ഉണ്ട് എങ്കിലും അത് വിശ്വസിക്കാൻ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പോലും തയ്യാറല്ല.
ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഗുൽബർഗിൽ ബസുകൾ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു എന്നും കശ്മീരിൽ ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നു എന്നും എന്നും ഒമർ പറഞ്ഞു.
'എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്, എന്നാല്‍ ഒന്നിനും ഒരു ഉത്തരവുമില്ല, ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന പലരെയും ഞാനിന്ന് കണ്ടു, ആറ് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് പറ്റിയില്ല, സാധാരണക്കാരായ കശ്മീരികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്നു ആലോചിച്ചു നോക്കൂ, ഭീതി പരത്തുന്നു എന്ന് ഞങ്ങളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്, പക്ഷേ ആളുകളോട് ഒരക്ഷരം മിണ്ടാതെ ജമ്മു കശ്മീരിനൊപ്പം പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്, കശ്മീരിൽ ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നു, ഗുൽബർഗിൽ ബസുകൾ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു- ഇതായിരുന്നു ട്വിറ്ററിലൂടെയുള്ള ഒമറിന്‍റെ പ്രതികരണം
പ്രത്യേകിച്ച് സംഘർഷാവസ്ഥ ഒന്നുമില്ലെന്ന് പറയുമ്പോഴും സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് അസാധാരണമായ ഉത്തരവ് ...അതിനിടെ ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്നു എന്നുകരുതുന്ന എം 24 സ്നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു
വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങള്‍ക്കും കോടതികള്‍ക്കും നല്‍കിയ സുരക്ഷ ജമ്മു കശ്മീര്‍ പൊലീസ് പിന്‍വലിച്ചു .സുരക്ഷാഉദ്യോഗസ്ഥരില്‍ നിന്നും ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇതെന്നായിരുന്നു വിശദീകരണം
ഏതായാലും കശ്മീർ താഴ്വരയിലെ ജനങ്ങൾ ഭീതിയിലാണ്. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന സംഘർഷത്തെയും കർഫ്യു വും നേരിടാനായി അവശ്യ വസ്തുക്കൾ ശേഖരിച്ചു വെക്കുകയാണ് ജനങ്ങൾ .കശ്മീരില്‍ താഴ്വരയിലും നഗരമേഖലകളിലുമായി 280 കമ്പനി സിആര്‍പിഎഫ് ഭടന്‍മാരെ വിന്യസിച്ചുവെന്നാണ് സൂചന.
ശ്രീനഗറിലേക്ക് വരാനും പോകാനുമുള്ള എല്ലാ പാതകളുടേയും നിയന്ത്രണം കേന്ദ്രസേനകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജമ്മു കശ്മീര്‍ പൊലീസിന്‍റെ സാന്നിധ്യവും ചെക്ക് പോസ്റ്റുകളിലുണ്ട്. അതീവജാഗ്രത പാലിക്കണമെന്ന നിര്‍ദേശം വ്യോമസേനയ്ക്കും കരസേനയ്ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തിന് മുകളില്‍ നിരീക്ഷണം ശക്തമാക്കി എന്നും റിപ്പോർട്ടുകളുണ്ട്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള പ്രചാരണവും ശക്തിപ്പെടുന്നുണ്ട്
. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നുമുണ്ട് .
https://www.facebook.com/Malayalivartha























