ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നു

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ രാജ്യത്ത് ജനാധിപത്യം ഇപ്പോഴും ഉണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പ്രിയങ്ക ചോദിച്ചു. ജനാധിപത്യത്തെ ബിജെപി കാര്‍ന്നുതിന്നുകയാണെന്നം പ്രിയങ്ക ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ജമ്മുകാശ്മീരില്‍ അറസ്റ്റ് ചെയ്തത് എന്ത് കാര്യത്തിനാണ്. ഭരണഘടനാ ഭേദഗതി നടത്തിയതിനെ തുടര്‍ന്ന് അവര്‍ക്കുള്ള അഭിപ്രായം പറയുന്നതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. അതിന് അനുവദിക്കാത അറസ്റ്റ് ചെയ്തത് എന്തിനാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെ നിയമലംഘനമാകുമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ ചോദിച്ചു.
മുന്‍ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കള്‍ 15 ഓളം ദിവസങ്ങളായി തടവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ കൈമാറിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിര്‍, വക്താവ് രവിന്ദര്‍ ശര്‍മ്മ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാശ്മീരില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയനേതാക്കളെ കൂടാതെ വിഘന വാദികളെയും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തടവിലാക്കിയിരിക്കുകയാണ്. ഇവര്‍ക്കാര്‍ക്കും വീട്ടുകാരോട് സംസാരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കളെ അറസ്റ്റു ചെയ്തതോടെ സര്‍ക്കാര്‍ ജനാധിപത്യത്തിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും എന്നാണ് ഈ ഭ്രാന്ത് അവസാനിക്കുന്നതെന്നുമാണ് രാഹുല്‍ ട്വീറ്റില്‍ ചോദിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിനെതിരെ പ്രിയങ്ക ആദ്യമേ രംഗത്തെത്തിയിരുന്നു. ഭരണഘടനാ ഭേദഗതി നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു.
ബി.ജെ.പി ഒരാളുടെ അഭിപ്രായം മാത്രം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും നിലപാട് പരിഗണിക്കുമെന്നും അതിനനുസരിച്ചേ തീരുമാനങ്ങള്‍ കൈക്കൊള്ളൂ എന്നും പ്രിയങ്ക വ്യക്തമാക്കി. കോണ്‍ഗ്രസ് എക്കാലവും ഭരണഘടന സംരക്ഷിക്കുന്നതിന് ശക്തമായി നിലകൊണ്ടിട്ടുണ്ട്. ഇനിയും അത് തുടരും. 370 പോലുള്ള ഗൗരവമായ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. അതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആദ്യമേ ഭിന്നത ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത പാര്‍ട്ടിയില്‍ നിന്നും എം.പി സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. യു.പിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ ജ്യോതിരാദിത്യ സിന്ധ്യയും സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























