ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചിലിൽ കുടുങ്ങിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതർ ; മഞ്ജുവാര്യരെയും സംഘത്തെയും കുടുക്കിയ ഹിമാചലിലെ വെള്ളപ്പൊക്കത്തിന്റെ ഭീകരത ഇങ്ങനെ...

ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചിലിൽ കുടുങ്ങിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ അറിയിച്ചു. സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ്, നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട മുപ്പതംഗ മലയാളി സംഘം ഹിമാചലിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിലോമീറ്റര്‍ ദൂരെയുള്ള ഛത്രുവിലെത്തിയത്.പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്‍റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ അപ്രതീക്ഷിതമായാണ് കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന സംഘത്തിന്‍റെ സമയോചിതമായ ഇടപെടൽ കൊണ്ടുമാണ് രക്ഷപ്പെട്ടത്.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുളു - മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറിയാണ് ഛത്രു താഴ്വാര. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്രു താഴ്വാര. കഴിഞ്ഞ ദിവസം മുതല്‍ ഹിമാചല്‍ പ്രദേശില്‍ കനത്തമഴ പെയ്യുകയാണ്. മഴയെത്തുടര്‍ന്ന് ഹിമാചലിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പലയിടത്തും വെള്ളം കയറി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഏതാണ്ട് 47 പേരാണ് ഹിമാചല്‍ പ്രദേശില്‍ മാത്രം മരിച്ചത്. യമുനാ നദി പരമാവധി പരിധിയായ 205.3 മീറ്റര്‍ മറികടന്ന് 205.94 മീറ്റര്‍ വാട്ടര്‍ ലെവലിനാണ് ഒഴുകുന്നത്. യമുനയില്‍ ഇനിയും വെള്ളമുയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ ഹിമാചല്‍ പ്രദേശില്‍ ഒറ്റപ്പെട്ടുപോയ സിനിമാ സംഘത്തെ സുരക്ഷിതരായി എത്തിക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























