അടിയന്തരമായി അസം ദേശീയ പൗരത്വ രജിസ്റ്റര്‍ കോര്‍ഡിനേറ്ററെ മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു

അടിയന്തരമായി അസം ദേശീയ പൗരത്വ രജിസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജെലയെ മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റാന്‍ കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. നിലവിലെ ചട്ടപ്രകാരം അനുവദിക്കാവുന്ന പരമാവധി കാലത്തേക്ക് സ്ഥലംമാറ്റം നല്‍കാനാണ് നിര്‍ദേശം. പ്രതീക് ഹജേലയ്ക്കെതിരെ ഭീഷണി നിലനില്‍ക്കുന്നത് പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.എ ബോബ്ഡെ, ആര്‍.എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇതേക്കുറിച്ച് ,എന്ത് കാരണത്താലാണ് സ്ഥലം മാറ്റാന്‍ ഉത്തരവെന്ന് കോടതിയോട് ആരാഞ്ഞു. 'ഒരു കാരണവുമില്ലാതെ ഏതെങ്കിലും ഉത്തരവ് വന്നിട്ടുണ്ടോ' എന്നായിരുന്നു കോടതിയുടെ മറുപടി. സ്ഥലംമാറ്റുന്നതിനുള്ള കാരണം കോടതിയും വ്യക്തമാക്കിയിട്ടില്ല. ഹര്‍ജി വീണ്ടും നവംബര്‍ 26-ന് പരിഗണിക്കും.
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പ്രതീക് ഹജേലയ്ക്കെതിരെ അസം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ നിന്ന് പൗരന്മാരെ തെറ്റായി പുറത്താക്കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ്. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് 3,30,27,661 ആളുകളാണ് അപേക്ഷ നല്‍കിയത്. 3,11,21,004 പേര്‍ പട്ടികയില്‍ കടന്നുകൂടിയപ്പോള്‍ 19,06,657 പേര്‍ പുറത്തായിരുന്നു.
https://www.facebook.com/Malayalivartha