മെക്സിക്കോ അതിര്‍ത്തിയിലൂടെ അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച 311 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

അനധികൃതമായി മെക്സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കോ പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചു. മെക്സിക്കോ നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത്.
യാതൊരുവിധ രേഖകളുമില്ലാതെ അനധികൃതമായി മെക്സിക്കോയില്‍ കടന്ന 310 പുരുഷന്മാരെയും ഒരു സ്ത്രീയേയുമാണ് നാട്ടില്‍ തിരികെയെത്തിച്ചത്. ഇവര്‍ കഴിഞ്ഞ അഞ്ചു മാസമായി മെക്‌സിക്കോയില്‍ താമസിച്ചുവരികയായിരുന്നു. അതിര്‍ത്തി വഴിയുള്ള അനധികൃത കടന്നുകയറ്റം തടയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്സിക്കോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് പരിശോധന ശക്തമാക്കിയത്.
ജൂണില്‍ മെക്സിക്കോ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ, അരിസോണ മരുഭൂമിയില്‍ സൂര്യാഘാതമേറ്റ് പഞ്ചാബില്‍ നിന്നുള്ള കുടുംബത്തിലെ ആറു വയസ്സുകാരി ഗുര്‍പ്രീത് കൗര്‍ മരണപ്പെട്ടിരുന്നു. അമ്മ കുടിവെള്ളം തേടി പോയ സമയത്തായിരുന്നു മരണം. യു.എസ് അതിര്‍ത്തി പട്രോളിംഗ് സംഘത്തിന്റെ പിടിയിലായ രണ്ട് ഇന്ത്യന്‍ സ്ത്രീകള്‍, തങ്ങള്‍ക്കൊപ്പം മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടായിരുന്നുവെന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, അമേരിക്കയിലേക്ക് കടക്കാന്‍ സഹായിക്കാമെന്ന് കാണിച്ച് ഏജന്റുമാര്‍ ഈ ഗ്രൂപ്പിലെ ഓരോരുത്തരില്‍ നിന്ന് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ ഈടാക്കിയാണ് മെക്സിക്കോയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. വിമാനക്കൂലി, മെക്സിക്കോയില്‍ താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള ചെലവ് എന്നീ ഇനത്തിലാണ് ഈ തുക ഈടാക്കിയത്. ഒരുമാസത്തിനുള്ളില്‍ അമേരിക്ക കടത്താമെന്നാണ് ഇവര്‍ക്ക് ഏജന്റ് നല്‍കിയ ഉറപ്പ്.
https://www.facebook.com/Malayalivartha