തട്ടിക്കൊണ്ടുപോകല്‍ നാടകം; കാമുകിയുടെ സ്നേഹം പരീക്ഷിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഗുജറാത്ത് സ്വദേശിയായ മെഹുല്‍ ജോഷി എന്ന 23-കാരന്‍ ഇഷ പച്ചേല്‍ എന്ന 18-കാരിയുമായി പ്രണയത്തിലായിരുന്നു. രാജ്കോട്ടില്‍ ഇരുവരും ഒപ്പമായിരുന്നു താമസം. എന്നാല്‍ കാമുകി ഇഷ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ഒന്ന് പരീക്ഷിച്ചറിയണമെന്ന് ഇയാള്‍ക്ക് തോന്നി. എന്നാല്‍ അതിനായി അയാള്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം അയാളെ പോലീസ് കസ്റ്റഡിയില്‍ എത്തിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇയാള്‍ മൊബൈലിലെ സിം കാര്‍ഡ് മാറ്റിയ ശേഷം മറ്റൊരു സിം ഇട്ടു. വോയിസ് ചേഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇഷയെ വിളിച്ച് ജോഷിയെ തട്ടിക്കൊണ്ടു പോയെന്നും ജീവനോടെ വിട്ടുകിട്ടണമെങ്കില്‍ മൂന്നു ലക്ഷം രൂപയുമായി ഗാന്ധിധമില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ഹിന്ദിയിലായിരുന്നു സംസാരം.
ഫോണ്‍ വന്നതോടെ ഭയന്നുപോയ ഇഷ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. ജോഷിയുടെ സെല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് അയാള്‍ ഗാന്ധിധമിലുണ്ടെന്ന് കണ്ടെത്തി. ഗാന്ധിധം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഒരു ഗസ്റ്റ് ഹൗസില്‍ ഇയാള്‍ താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടയതോടെ പോലീസ് അവിടെയെത്തി ജോഷിയെ പിടികൂടുകയായിരുന്നു.
ബുധനാഴ്ച രാത്രി കച്ചിലെ ഭുജിലെ ഗസ്റ്റ് ഹൗസില്‍ നിന്നും അയാളെ പിടികൂടുമ്പോള്‍ ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്തപ്പോള്‍, നാടകത്തിനു പിന്നിലുള്ള കാരണം ജോഷി വ്യക്തമാക്കിയതായും ഭുജ് ഇന്‍സ്പെക്ടര്‍ എ.എന്‍ പ്രജാപതി പറഞ്ഞു. തെറ്റായ വിവരം നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ജോഷിക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha