ഉത്തര്‍പ്രദേശിലെ കസ്റ്റഡിമരണം: കേസെടുത്തുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലുള്ള പില്‍ഖുവാ സ്വദേശി പ്രദീപ് തോമറിനെ (35) ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രദീപിന്റെ പത്തുവയസുകാരനായ മകനെ അവര്‍ സ്റ്റേഷനു പുറത്തു നിര്‍ത്തി. ഒരു പാക്കറ്റ് ചിപ്‌സ് വാങ്ങി അവനു നല്‍കിയിട്ട് മിണ്ടാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവനോട് ആവശ്യപ്പെട്ടുവത്രേ.
രാജ്യം ഞെട്ടിയ കസ്റ്റഡി മരണം നടന്ന് നാല് ദിവസം പിന്നിടുമ്പോള്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതാണ് കേസിലെ ആകെയുള്ള പുരോഗതി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പ്രതികളായ കേസ് എസ്‌ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനു കൈമാറിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പ്രതികള്‍ക്കെതിരെ കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാനോ നിയമപരമായ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറായില്ല.
ഓഗസ്റ്റില്‍ പ്രദീപിന്റെ ഭാര്യാ സഹോദരന്‍ ദിഗംബര്‍ തോമറിന്റെ ഭാര്യ പ്രീതി കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ദിഗംബര്‍ തോമറിനു വാടകകൊലയാളികളെ ഏര്‍പ്പാട് ചെയ്തു നല്‍കിയതു പ്രദീപ് തോമറാണെന്ന് ആരോപിച്ചാണ് പൊലീസ് പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തത്. ഒരു ബന്ധുവിന്റെ സഹായത്തോടുകൂടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. അത് പ്രദീപ് തോമര്‍ ആണെന്ന സംശയത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഹാപൂര്‍ എസ്പി യശ്പാല്‍ സിങ് പറഞ്ഞു.
കഴിഞ്ഞ ഞായാറാഴ്ച മുതലാണ് പ്രദീപ് തോമറിനെ കാണാതായത്. തന്റെ ഇളയ സഹോദരന്റെ ബൈക്കിന്റെ ടയര്‍ പങ്ചര്‍ ആയതിനാല്‍ സഹായിക്കാന്‍ വേണ്ടി വീട്ടില്‍ നിന്നും തന്റെ മകനോടൊപ്പം പോയ പ്രദീപിനെ കാണാതാകുകയായിരുന്നു. ബന്ധുവായ സ്ത്രീയുടെ മരണത്തില്‍ പ്രദീപിനെ സംശയം ഉണ്ടെന്ന് ആരോപിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പില്‍ഖുവ പൊലീസിന്റെ മര്‍ദ്ദനത്തില്‍ പ്രദീപ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.
പൊലീസുകാര്‍ പ്രദീപിനെ തൊഴിക്കുകയും ഇടിക്കുകയും പലക കൊണ്ടടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷിയായ മകന്‍ പറയുന്നു. ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുക, സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തുക, തുടങ്ങിയ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്കു പ്രദീപ് തോമര്‍ ഇരയായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തിയ മകന്‍, ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായി പിതാവ് പിടയുന്നത് കണ്ടിരുന്നുവത്രേ.
മര്‍ദ്ദനത്തിനു സാക്ഷിയായ മകനെ പൊലീസ് മര്‍ദ്ദിക്കുകയും വായില്‍ പിസ്റ്റള്‍ തിരുകിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പില്‍ഖുവ എസ്എച്ച്ഒ യോഗേഷ് ബാലിയന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എസ്‌ഐ അജബ് സിങ് ഉള്‍പ്പെടെയുള്ള നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മീററ്റ് സോണ്‍ ഐജി അലോക് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തോമാറിന്റെ മൃതദേഹം പരിശോധിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ചതവുകളും മുറിവുകളും മൃതദേഹത്തില്‍ പ്രകടമാണെന്നു ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപിനെ പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രദീപിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലയാളികള്‍ക്ക് ഒന്നരലക്ഷം രൂപ പ്രദീപ് പ്രതിഫലം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസം 7000 രൂപ വരുമാനമുള്ള പ്രദീപിന് അത് സാധിക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha