ജമ്മു-കശ്മീര്‍ സംസ്ഥാനം ഇന്നലെ അര്‍ധരാത്രി ഔപചാരികമായി പിളര്‍ന്നു... ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നു... പ്രത്യേക പദവിക്കൊപ്പം പൂര്‍ണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട മേഖല ഇനി കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും

മൂന്നു മാസമായി തുടരുന്ന ജനജീവിതം സ്തംഭനത്തിനും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജമ്മു-കശ്മീര്‍ സംസ്ഥാനം ബുധനാഴ്ച അര്‍ധരാത്രി ഔപചാരികമായി പിളര്‍ന്നു. ഇതോടെ ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നു. പ്രത്യേക പദവിക്കൊപ്പം പൂര്‍ണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട മേഖല ഇനി കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും.
ജമ്മു-കശ്മീര്‍ പുനഃസംഘടന നിയമം 2019 പ്രകാരമാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്‌ടോബര്‍ 31ന് നിലവില്‍ വന്നത്. ഔദ്യോഗികമായി ബുധന്‍ അര്‍ധരാത്രി മുതല്‍ ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതായി. ജമ്മുവും കശ്മീരും ഉള്‍പ്പെട്ട കേന്ദ്രഭരണപ്രദേശത്തിന്റെ ജനസംഖ്യ 1.20 കോടി. ലഡാക്കില്‍ മൂന്നു ലക്ഷം ജനങ്ങള്‍ മാത്രം. ജനസംഖ്യ പരിമിതമാണെങ്കിലും വിഭജനത്തിനിടയില്‍ ലോകത്തിലെ ഏറ്റവും പട്ടാളസാന്നിധ്യമുള്ള പ്രദേശമായി ജമ്മു-കശ്മീര്‍ തുടരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് 370ാം ഭരണഘടനാ വകുപ്പുപ്രകാരം ജമ്മു-കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഒപ്പം രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന നിയമനിര്‍മാണം പാര്‍ലമന്റെില്‍ കൊണ്ടുവന്ന് പാസാക്കി. അമ്പരപ്പിക്കുന്ന നടപടികള്‍ക്കിടയില്‍ സംസ്ഥാനത്തെ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനജീവിതം അപ്പാടെ സ്തംഭിപ്പിച്ച് ഗതാഗത, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുറിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും ആ സ്ഥിതി ഏതാണ്ട് അങ്ങനെതന്നെ തുടരുന്നു. സംസ്ഥാന വിഭജനത്തിന്, അന്നാട്ടിലെ ജനങ്ങളുമായോ നിയമസഭയുമായോ ചര്‍ച്ചകളൊന്നും നടന്നില്ല. ഏകപക്ഷീയമായിരുന്നു കേന്ദ്രത്തിന്റെ നടപടി. അത്തരത്തിലൊന്ന് ആദ്യത്തേതുമാണ്.
ഭീകരത ഇല്ലാതാക്കി സുരക്ഷ പ്രദാനംചെയ്ത് സംസ്ഥാനത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് വികസിപ്പിക്കുന്നതിനാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം താഴ്‌വരയില്‍ ഇന്നും മരവിച്ചുനില്‍ക്കുന്നു. വിഷയം സുപ്രീംകോടതിയില്‍ എത്തിയെങ്കിലും, ഇടപെടാന്‍ പരമോന്നത നീതിപീഠം തയാറായില്ല. കേന്ദ്രഭരണപ്രദേശമായി മാറുന്ന ജമ്മു-കശ്മീരിന് ഭാവിയില്‍ അഞ്ചുവര്‍ഷ കാലാവധിയുള്ള നിയമസഭ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. മന്ത്രിസഭയും ഉണ്ടാകും.
https://www.facebook.com/Malayalivartha