തമിഴകം അതീവ ജാഗ്രതയിൽ; ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ സംഘം റെയ്ഡ്

തമിഴകം അതീവ ജാഗ്രതയിൽ. ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി. ജിഎം നഗറിലും ലോറി പേട്ടൈയിലുമാണ് ഇന്ന് രാവിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സെല്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരവാദ ബന്ധമുള്ള സംഘടകള്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ ഐഎ വ്യക്തമാക്കി.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് ശേഷം കോയമ്പത്തൂരില്‍ നിന്നും രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. 2014 മുതല്‍ അറസ്റ്റ് ചെയ്ത ഐഎസ് ബന്ധമുള്ള 127 പേരില്‍ 33 പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും എന്‍ഐഎ വ്യക്തമാക്കി.
ഭീകരവാദ സംഘടനയായ ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തിൽ പ്രവർത്തിച്ചെന്ന് കണ്ടെത്തി അറസ്‌റ്റ് ചെയ്‌ത രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കഴിഞ്ഞ ദിവസം കസ്‌റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്‌ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി നാലുദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടത്.
ഈസ്‌റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. തുടരന്വേഷണത്തിന് ഇരുവരെയും ഒരാഴ്ച കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും വീടുകളിലും ഓഫീസുകളിലുംനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതിൽനിന്ന് ലഭിച്ച തെളിവുകൾ അനുസരിച്ച് ഇരുവരും ശ്രീലങ്കൻ സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യണമെന്ന് എൻഐഎ ആവശ്യപ്പെട്ടു.
ഏപ്രിൽ 21ന് ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തിലെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിമിന്റെ ഇന്ത്യൻ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ‌് ഇരുവരും അറസ്റ്റിലായത്. ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തിന് നേതൃത്വം നൽകിയത് അസറുദ്ദീനാണെന്നും കണ്ടെത്തി. സഹ്‌റാൻ ഹാഷിമുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അസറുദ്ദീൻ ബന്ധപ്പെട്ടതിന്റെ തെളിവുകളും എൻഐഎ ശേഖരിച്ചു. ഇവയും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കി.
അതേസമയം ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഹൂറിയത്ത് നേതാക്കള്‍ക്ക് പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ദേശീയ രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എങ്ങിനെയെല്ലാം വിനിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും എന്‍ഐഎ പറയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ച കേസില്‍ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha