സുപ്രധാന വിധികളുടെ നിർണായക 10 ദിവസം; നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത് അയോധ്യ മുതൽ ശബരിമല വരെ അടങ്ങുന്ന നിർണായക വിധികൾക്കായി

നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത് അയോധ്യ മുതൽ ശബരിമല വരെ അടങ്ങുന്ന നിർണായക വിധികൾക്കായി. ഇന്ത്യയിൽ നിലവിലുള്ള സ്ഥിതിയെ മുഴുവനായി ബാധിക്കാവുന്ന നാല് സുപ്രീം കോടതി വിധികൾക്കായാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന ഈ മാസം 17നു മുൻപ് ഈ സുപ്രധാന വിധികൾ പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ സാമൂഹിക, മത, രാഷ്ട്രീയ മേഖലകളിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള വിധികളാണ് ഇവ നാലുമെന്നതാണ് പ്രത്യേകത. അതിൽ കേരളം ഉറ്റുനോക്കുന്നത് ശബരിമല യുവതി പ്രവേശന വിധി തന്നെയാണ്.
പ്രായഭേദമെന്യേ എല്ലാവർക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ ഈ മാസം തന്നെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2018 വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു നിർണായക വിധി. വിധി വന്നതിനു പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുള്ള പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്തത് 9000 ക്രിമിനൽ കേസുകളാണ്. ഇതിൽ പ്രതികളായത് 27,000 പേരും.
2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി കോടതിയിൽ സംസ്ഥാന സർക്കാർ വാദിച്ചു.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുൻപാകെ എത്തിയത്. പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17ന് മുൻപ് വിധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതിനൊപ്പം തന്നെ രാജ്യം പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന വിധിയാണ് അയോധ്യ കേസ്. 1858 മുതൽ ഇന്ത്യയുടെ സാമൂഹ്യ-മതപരമായ ഇടങ്ങിൽ പ്രധാന ഘടകമാണ് അയോധ്യ. വിഷയത്തിൽ 1885 മുതൽ കോടതി വ്യവഹാരങ്ങൾ നടക്കുന്നുണ്ട്. രഞ്ജൻ ഗോഗോയ് വിരമിക്കുന്നതിനു മുൻപ് ഈ മാസം ഉണ്ടാകുന്ന വിധി നൂറ്റാണ്ടുകൾ നീണ്ട തർക്കത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാകുമെന്ന് ഉറപ്പാണ്. 134 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ചരിത്രവിധി നവംബര്‍ 17 ന് മുമ്പ് പ്രസ്താവിച്ചേക്കും. രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ഈ സ്ഥലത്തിന് നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ പോരാടുകയാണ്. രാമന്റെ ജന്മസ്ഥലമാണ് അയോധ്യയില തര്‍ക്ക ഭൂമിയെന്നും പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് മോസ്‌ക് പണിതതെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് 1992 ഡിസംബറിലാണ് പൊളിച്ചത്. പള്ളി നശിപ്പിച്ചതിനു ശേഷം രാജ്യത്ത് കലാപത്തിന് വഴിവെച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു.
റഫാൽ ഇടപാടിൽ കഴിഞ്ഞ ഡിസംബർ 14ന് 28 പേജ് വിധിന്യായത്തിലൂടെ സുപ്രീം കോടതി മോദി സർക്കാരിനു നൽകിയ ക്ലീൻചിറ്റിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിലും ഈ മാസം വിധിയുണ്ടായേക്കും. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. റഫാൽ വിഷയത്തെക്കുറിച്ച് ഇല്ലാത്ത സിഎജി റിപ്പോർട്ട് ഉണ്ടെന്നും അതു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയിൽ കോടതി പറഞ്ഞത്.
ഇതിനെതിരെയാണ് ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
സിജിഐ ഓഫിസ് ആർടിഐ പരിധിയിൽ വരുന്ന വിധിയും സുപ്രധാനമാണ്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഏപ്രിൽ നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേട്ടിരുന്നു. വിധി പറയാൻ മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha