മാനസിക വൈകല്യമുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മാനസിക വൈകല്യമുള്ള മകനെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈയിലെ അല്‍വാര്‍പേട്ടിലാണ് സംഭവം. അല്‍വാര്‍പേട്ട് സ്വദേശി വെങ്കിട്ടരാമ(44)നെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വെങ്കിട്ടരാമന്റെ പിതാവ് വിശ്വനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വിശ്വനാഥനും മകന്‍ വെങ്കിട്ടരാമനും താമസിക്കുന്ന ഫഌറ്റില്‍ നിന്ന് രൂക്ഷം ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതിലൂടെ വയോധികനായ വിശ്വനാഥന്‍ മകന്റെ അഴുകിയ മൃതദേഹത്തോടൊപ്പം കിടക്കുന്നതാണ് കണ്ടത്. 15 വര്‍ഷം മുമ്പാണ് വിശ്വനാഥന്റെ ഭാര്യ മരിച്ചത്. തുടര്‍ന്ന് വിശ്വനാഥനും മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ വെങ്കിട്ടരാമനും മാത്രമാണ് ഫഌറ്റില്‍ താമസിച്ചിരുന്നത്. മാനസിക വൈകല്യമുള്ള ആളായതുകൊണ്ട് തന്നെ എല്ലാ ആവശ്യങ്ങള്‍ക്കും വെങ്കിട്ടരാമന് മറ്റൊരാളുടെ സഹായം വേണ്ടിവരും.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കിടയിലും വിശ്വനാഥനാണ് മകനെ നോക്കുന്നത്. എന്നാല്‍ തന്റെ മരണശേഷം മകനെ സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ല എന്ന ആശങ്കയാണ് വിശ്വനാഥനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മകന് നല്‍കുന്ന ഭക്ഷണത്തില്‍ അമിതമായ അളവില്‍ ഉറക്കഗുളികയും ചേര്‍ത്തു ഭക്ഷണം കൊടുത്തു. ഭക്ഷണംകഴിച്ചശേഷം വെങ്കിട്ടരാമന്‍ അബോധാവസ്ഥയിലായതോടെ വിശ്വനാഥനും ഉറക്കഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. മകന്‍ മരിച്ചെങ്കിലും വിശ്വനാഥന്‍ രക്ഷപ്പെട്ടു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha