മദ്യലഹരിയില്‍ അച്ഛന്റെ ക്രൂരത... രണ്ട് മാസം പ്രായമുള്ള മകളെ അടിച്ചുകൊന്നു

മദ്യലഹരിയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനൊടുവില്‍ രണ്ടുമാസം പ്രായമുള്ള മകളെ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ.കെ. നഗറിലാണ് സംഭവം. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27) എം.ജി.ആര്‍ നഗര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് ഡോ.അംബേദ്കര്‍ കോളനിയിലെ കെ.കെ. നഗര്‍ സ്വദേശിനി ദുര്‍ഗ ആദ്യഭര്‍ത്താവ് അറമുഖനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി എല്ലപ്പനെ വിവാഹം കഴിക്കുന്നത്. ആദ്യബന്ധത്തില്‍ ദുര്‍ഗയ്ക്ക് രണ്ട് മക്കളുണ്ട്.
എല്ലപ്പനും ദുര്‍ഗയും തമ്മില്‍ നിരന്തരമായി വഴക്കിടാറുള്ളതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയോട് കോപിച്ച എല്ലപ്പന്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് ചുമരില്‍ അടിച്ചു. ഗുരുതരമായ പരിക്കേറ്റ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിനെ ദുര്‍ഗ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha