എല്ലാത്തിനും ഒരു ട്രംപ് ടച്ച്... കേരളത്തില്‍ 2000 രൂപയുടെ ഊണിന്റെ ചര്‍ച്ച നടക്കുമ്പോള്‍ ട്രംപ് ആകെ കഴിച്ചത് 1450 രൂപയുടെ ഭക്ഷണം; എല്ലാം ഉണ്ടായിട്ടും ഉച്ചയ്ക്ക് പട്ടിണി കിടക്കുക ട്രംപിന്റെ ശീലം; ട്രംപിന്റെ മെനു കണ്ട് ഞെട്ടി എല്ലാം ഒരുക്കിയ ഹോട്ടലിലെ മാനേജര്‍മാര്‍

കേരളത്തില്‍ അടുത്തിടെ ചര്‍ച്ച ചെയ്ത ഒന്നാണ് ഒരു നേരത്തെ ഊണിന് എത്ര രൂപയാകാമെന്ന്. 60 മുതല്‍ 200 വരെയാണ് സാധാരണക്കാരന്റെ കണക്ക്. എന്നാല്‍ 25 രൂപയ്ക്ക് വിളമ്പാമെന്ന് ബജറ്റില്‍ തോമസ് ഐസക്കും പറഞ്ഞു. അതിന് പിന്നാലെയാണ് ഗള്‍ഫ് മുതലാളിമാര്‍ക്ക് 2000 രൂപയുടെ ഊണ് വിളമ്പിയെന്നറിയുന്നത്. തലസ്ഥാനത്ത് ജനുവരിയില്‍ നടന്ന ലോക കേരള സഭയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ വിളമ്പിയ ഊണൊന്നിനാണ് 2000 രൂപയായത്. രാത്രി ഭക്ഷണത്തിന് 17,00 രൂപയുമാണ് ഒരാളുടെ ബില്‍. ഓരോരുത്തര്‍ക്കും പ്രാതലിനായി 550 രീപ വീതവും പലഹാരങ്ങള്‍ക്കും ചായയ്ക്കുമായി 250 രൂപയും ചെലവായി. പങ്കെടുത്തവരുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ആകെ ചെലവാക്കിയത്. ഈ കണക്ക് പുറത്ത് വന്നത് വന്‍ വിവാദത്തിലായി. ഉണ്ട ചിലര്‍ മലയാളികളുടെ വിശപ്പറിഞ്ഞ് പണം തിരികെ നല്‍കി. യൂസഫലിയാകട്ടെ തങ്ങള്‍ ഊണ് കഴിക്കാന്‍ വന്നവരല്ലെന്നും പറഞ്ഞു. എന്നാല്‍ പിന്നെ ഈ ഊണ് ആര് തിന്നുതീര്‍ത്തെന്ന ചോദ്യവുമായി. അതോടെ 2000 രൂപയുടെ ഊണ് വിളമ്പിയ റാവിസ് മുതലാളി ഊണിന്റെ പണം വേണ്ടെന്നു വച്ചു. അങ്ങനെ വിവാദവും അവസാനിച്ചു.
അതേസമയം യു.എസ്. പ്രസിഡന്റ് ഇന്ത്യയില്‍ വന്ന സമയത്ത് അദ്ദേഹം എന്ത് കഴിച്ചെന്നറിയാന്‍ പാവങ്ങളായ നമുക്കും ആഗ്രഹമുണ്ടായി. ലോക പോലീസിന് പൊന്‍മുട്ടയിട്ട താറാവിനെ വേണമെങ്കിലും കിട്ടും. എങ്കിലും സപ്ത സ്റ്റാര്‍ രൂപയിട്ടിട്ടു പോലും ആകെ കഴിച്ചത് 1450 രൂപയ്ക്കാണ്.
ദിവസം എട്ടു ലക്ഷം രൂപ സൂപ്പര്‍ ലക്ഷ്വറി റേറ്റ് ഉള്ള ഐ.ടി.സി മൗര്യയിലെ പ്രസിഡന്‍ഷ്യല്‍ സ്വീറ്റ്‌ലാണ് ട്രംപ് താമസിക്കുന്നത്. അതേസമയം ലോകത്തെ തന്നെ ഏറ്റവും മികച്ച ഭക്ഷണശാലകളിലൊന്നായ ബുഖാറയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിച്ച ഭക്ഷണമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. വമ്പന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയാണെങ്കിലും ട്രംപിന് ഭക്ഷണത്തോട് ആര്‍ത്തി തീരെ പോരെന്നാണ് അടക്കം പറച്ചില്‍.
ട്രംപിനെ അടുത്തറിയാവുന്നവര്‍ക്ക് ശരിക്കും അറിയാം പ്രാതലിന് മുട്ടയും സോസേജും കിട്ടിയാല്‍ ധാരളം. ഉച്ചഭക്ഷണം നിര്‍ബന്ധമില്ല. പത്തോ പതിനഞ്ചോ മണിക്കൂര്‍ നേരം ഭക്ഷണം കഴിക്കാതിരുന്നാലും നോ പ്രോബ്‌ളം. പക്ഷേ അത്താഴം കേമമാകണം. ചിക്കന്‍ മാക്‌സ്, ഫിഷ് സാന്‍വിച്ച്, ചോക്കലേറ്റ് ഷേക്ക്... ഇതെല്ലാം നൈറ്റ് ഐറ്റംസ് ആണ്. വെള്ളമടി തീരെ ഇല്ലെങ്കിലും ഡയറ്റ് കോക്ക് ദിവസവും പന്ത്രണ്ട് കാന്‍ എങ്കിലും നിര്‍ബന്ധം.സപ്ത നക്ഷത്ര താമസമാണെങ്കിലും ഹോട്ടല്‍ ഐ.ടി.സി മൗര്യയില്‍ ട്രംപ് കഴിക്കുന്ന ഭക്ഷണത്തിന് പരമാവധി 1450 ഇന്ത്യന്‍ രൂപയേ ചെലവാകൂ.
ട്രംപിന്റെ പതിവു ഭക്ഷണക്രമവും അതിന്റെ ഇന്ത്യന്‍ റേറ്റും ഇങ്ങനെയാണ്
സോസേജ് മക്മഫിന്‍ 105.00 രൂപ
ചിക്കന്‍ മഹാരാജാ മാക് 422.00 രൂപ (രണ്ടെണ്ണത്തിന്)
ഫിഷ് സാന്‍വിച്ച് 300.00 രൂപ (രണ്ടെണ്ണത്തിന്)
ചോക്കലേറ്റ് ഷേക്ക് 148.00 രൂപ
ഡയറ്റ് കോക്ക് 444.00 രൂപ (12 എണ്ണത്തിന്)
ലെയ്‌സ് 10.00 രൂപ
ഡോറിറ്റോസ് 10.00 രൂപ
ആകെ 1439.00 രൂപ
ഹോട്ടല്‍ ഐ.ടി.സി മൗര്യയിലെ ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ ഫ്‌ളോറിലുള്ള ഏറ്റവും ആഡംബര പൂര്‍ണമായ സ്വീറ്റാണ് ചാണക്യ സ്വീറ്റ്. 4600 ചതുരശ്ര അടി വിസ്തൃതി. പ്രതിദിന വാടക എട്ടു ലക്ഷം രൂപ. ഈ സ്വീറ്റിലേക്കു മാത്രമായി പ്രത്യേക സ്വകാര്യ പ്രവേശന കവാടം. ഹൈസ്പീഡ് ലിഫ്റ്റ്. പ്രത്യേക സുരക്ഷാ നിയന്ത്രണ മുറി. ബുള്ളറ്റ് പ്രൂഫ് ജനാലകള്‍, പ്രസിഡന്‍ഷ്യല്‍ സ്വീറ്റിലേക്കുള്ള ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേകം പാചക വിദഗ്ദ്ധര്‍.
ബരാക് ഒബാമ, ബില്‍ ക്‌ളിന്റണ്‍, ജോര്‍ജ് ബുഷ്, ടോണി ബ്‌ളെയര്‍, വ്‌ളാഡിമിര്‍ പുടിന്‍, ബ്രൂണായ് സുല്‍ത്താന്‍, സൗദിയിലെ അബ്ദുള്ള രാജാവ് എന്നിവരാണ് നേരത്തെ ഈ സ്വീറ്റില്‍ താമസിച്ചിട്ടുള്ള വിശിഷ്ടാതിഥികള്‍:
വലിയ ലിവിംഗ് റൂം, ഒരു സ്റ്റഡി റൂം, പന്ത്രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന അത്യാഡംബരപൂര്‍ണമായ ഡൈനിംഗ് റൂം. പാത്രങ്ങളും സ്പൂണ്‍ ഫോര്‍ക്ക് ഉള്‍പ്പെടെയുള്ള മറ്റെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സ്വീറ്റിന്റെ ചുവരുകളെ അലങ്കരിക്കുന്നത് അര്‍ത്ഥശാസ്ത്രം അടിസ്ഥാനമാക്കി തയിബ് മേത്ത വരച്ച പെയിന്റിംഗുകള്‍. മിനി സ്പാ, സ്റ്റീം റൂം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha