സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ആക്കൂളം ടൂറിസ്റ്റ് വില്ലേജിലെ പുള്‍ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള നീക്കം ആരോഗ്യവകുപ്പ് നടത്തുന്നത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധന ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ചാലിപ്പറമ്പ് മണ്ണാറക്കല്‍ ഷാജി(44)യുടെ മരണമാണ് അവസാനത്തേത്.
ഈ വര്‍ഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് എട്ടുപേരാണ് മരിച്ചത്. മാത്രമല്ല, 38 പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിന്‍ വിവിധ ആരോഗ്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. കെട്ടിക്കിടക്കുന്ന ജസസ്രോതസുകളും കുളങ്ങളും വൃത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യും. കുടിവെള്ള സ്രോതസുകള്‍ പരിശോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനിറങ്ങുന്നവര്‍ ഈ അമീബയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ തലച്ചോറിലേക്ക് കടന്ന് കോശങ്ങളെ ഉള്‍പ്പെടെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗം വഷളാകുന്ന ഘട്ടത്തിലെത്തുന്നതിനു മുമ്പേ തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാത്തതും മരണനിരക്ക് ഉയര്‍ത്തുന്നുണ്ട്.
അമീബിക് മസ്തിഷ്‌കജ്വരം കുട്ടികളിലാണ് കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. തടാകങ്ങള്‍, പുഴകള്‍, നീരുറവകള്‍, അരുവികള്‍ തുടങ്ങിയിടത്തെല്ലാം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കാണാം. മലിനമായ ജലാശയങ്ങളില്‍ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാല്‍ ഈ വെള്ളം കുടിച്ചാല്‍ അമീബ ഉള്ളില്‍ എത്തില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല.
https://www.facebook.com/Malayalivartha