ലോക്ക് ഡൗണില്‍ യാത്രകള്‍ സുഗമമാക്കാന്‍ 'ആരോഗ്യ സേതു' ഇ-പാസായി ഉപയോഗിക്കാമെന്ന സൂചനയുമായി പ്രധാനമന്ത്രി

കൊറോണ വൈറസ് ബാധയെക്കുറിച്ച് ബോധവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മൊബൈല്‍ ആപ്പാണ് ആരോഗ്യ സേതു. 'ആരോഗ്യത്തിന്റെ ഒരു പാലം' എന്നാണ് ആരോഗ്യ സേതുവിന്റെ അര്‍ത്ഥം. ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആണ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ ആപ്പ് സഹായിക്കും. കൂടാതെ ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോവിഡ് രോഗബാധിതനുമായി അറിയാതെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാം. അങ്ങനെ, കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ആധികാരിക വിവരങ്ങളും വാര്‍ത്തകളും നിര്‍ദേശങ്ങളും ജനങ്ങളെ അറിയിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനിടെയാണ്, 'ആരോഗ്യ സേതു' ആപ്പ് ലോക്ക് ഡൗണില്‍ യാത്രകള്‍ സുഗമമാക്കാന്‍ ഇ-പാസായി ഉപയോഗിക്കാമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സ് മീറ്റിങ്ങിലാണ് പ്രധാനമന്ത്രി മോദി ആരോഗ്യ സേതുവിന്റെ സാധ്യതകളെ കുറിച്ച്് സംസാരിച്ചത്.
അതേസമയം, ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഫോണുകള്‍ക്കായുള്ള ആപ്പ് സ്റ്റോറിലും ലഭ്യമായ ആരോഗ്യ സേതു ആപ്പിന് പ്രവര്‍ത്തിക്കാന്‍ ലൊക്കേഷന്‍, ബ്ലൂടൂത്ത് ഡാറ്റ ആക്‌സസ് ആവശ്യമാണ്. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ഇവ ഉപയോഗിച്ച് യൂസറിന്റെ സമീപ പ്രദേശങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചവരുണ്ടോ എന്നും, കൊറോണ മൂലം നിരീക്ഷണത്തിലുള്ളവരുണ്ടോ എന്നറിയാം. ലൊക്കേഷന്‍ അടിസ്ഥാനമാക്കി യൂസര്‍ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. എങ്ങനെ സ്വയം ഒറ്റപ്പെട്ട് ജീവിക്കണം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് ആപ്പില്‍ നിന്നും ലഭിക്കും. ഇന്ത്യയിലെ 11 ഭാഷകള്‍ ആരോഗ്യ സേതു ആപ്പില്‍ ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്.
നേരത്തെ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഫ്രീ ആപ്പുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലോഞ്ച് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ആരോഗ്യ സേതു ആപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതുവരെ 10 മില്യണ്‍ ആളുകളാണ് പ്ലേ സ്റ്റോറില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും മറ്റ് വിവരക്കൈമാറ്റങ്ങള്‍ക്കുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന് പരമാവധി പ്രചാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രാജ്യമെങ്ങും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മെയ് 3വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി, പ്രധാനമന്ത്രി അറിയിച്ചു്. നിര്‍ണ്ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. നമ്മള്‍ സ്വീകരിച്ച മാര്‍ഗം നമ്മള്‍ക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ടതാണ്, ഇതിന് വലിയ വില നല്‍കേണ്ടതായിട്ടുണ്ട് എന്നാല്‍ ഭാരതീയരുടെ ജീവനാണ് അതിനേക്കാള്‍ വില. അതിനാല്‍ ഒരാഴ്ചത്തെ കര്‍ശന നിയന്ത്രണം ഉള്‍പ്പെടെ 19 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടിയേ തീരൂവെന്നും പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ വിശദീകരിച്ചു. എങ്കിലും ചില ഇളവുകള്‍ ലോക്കഡൗണിന്റെ രണ്ടാം ഘട്ടത്തില്‍ നല്‍കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. നിലവിലെ കടുത്ത നിയന്ത്രണങ്ങള്‍ 20 വരെ തുടരും. അതിന് ശേഷം ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
https://www.facebook.com/Malayalivartha
























