കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍... സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂര്‍ റാവൂരിലെ സിദ്ധലിംഗേശ്വര യാത്ര ചടങ്ങിലാണ് ആയിരങ്ങള്‍ പങ്കെടുത്തത്്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പോലീസ് നോക്കിനില്‍ക്കെയാണ് വന്‍ ജനക്കൂട്ടം ലോക്ക്ഡൗണ്‍ ലംഘനം നടത്തിയത്. ആരെയും തടയാന്‍ പോലീസ് ശ്രമിച്ചില്ല. സംസ്ഥാനം ഭരിക്കുന്നത് തങ്ങളുടെ സര്‍ക്കാര്‍ ആയതിനാല്‍ ചടങ്ങുമായി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടുചെയ്തു.
രഥയാത്രക്ക് മുമ്പുള്ള ചടങ്ങായ 'പല്ലക്കി സേവ' ബുധനാഴ്ച വൈകീട്ട് നടന്നിരുന്നു. രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് അറിയിച്ചിരുന്നെങ്കിലും താലൂക്ക് ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്ച രാവിലെ ചടങ്ങ് നടത്തുകയായിരുന്നു. ക്ഷേത്ര ഭരണാധികാരികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ചിറ്റാപൂര്‍ തഹസില്‍ദാര്‍ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിനും ആഘോഷത്തില്‍ പെങ്കടുത്ത ഭക്തര്‍ക്കുമെതിരെ തഹസില്‍ദാറിന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ നഗ്‌നമായ നിയമലംഘനം. ഇന്ത്യയിലെ തന്നെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ടുചെയ്യപ്പെട്ട സ്ഥലമാണ് കര്‍ണാടകത്തിലെ കലബുറഗി.
കര്‍ണാടകത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 315 ആയി. അതിനിടെയാണ് സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിനു പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ 10ന് കര്‍ണാടകയിലെ തുമകുരു ഗുബ്ബിയില്‍ ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എയെ ഒഴിവാക്കി പൊലീസ് കേസ് രജിസ്‌ററര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച വരെ കര്‍ണാടകയില്‍ 315 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേര്‍ മരണമടയുകയും 82 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
കോവിഡ് കാലത്ത് 'സാമൂഹിക അകലം' പാലിച്ച് കുട്ടികള്‍ക്കൊപ്പം നീന്തികളിക്കുന്ന ചിത്രം പങ്കുവെച്ച കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകറിനെ നടപടി വിവാദത്തില്‍. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രി സാമൂഹിക അകലം എന്നതിനെ പരിഹസിക്കുകയാണെന്നും സാഹചര്യം ഉള്‍ക്കൊള്ളാതെ ഡോക്ടര്‍ കൂടിയായ മന്ത്രി നിരുത്തരപരമായി പെരുമാറുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഡോ. സുധാകര്‍ തെന്റ മൂന്നു കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ്പൂളില്‍ നീന്തുന്ന ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ''വളരെക്കാലത്തിന് ശേഷം എന്റെ കുട്ടികളോടൊപ്പം നീന്താന്‍ ചേര്‍ന്നു. ഇവിടെയും സാമൂഹിക അകലം പാലിച്ചതായി പ്രതീക്ഷിക്കുന്നു'' -എന്ന അടികുറിപ്പോടെയാണ് മന്ത്രി പൂളില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha























