കര്‍ഫ്യൂ അവലോകന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് രോഗം; ഗുജറാത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ ക്വാറന്റീനില്‍

ഗുജറാത്തില്‍ കര്‍ഫ്യൂ അവലോകന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരടക്കം 5 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡാവാലയ്ക്കാണ് മണിക്കൂറുകള്‍ക്കകം രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഖേഡാവാല, മണ്ഡലമായ ജമാല്‍പുരില്‍ നടത്തിയ പരിശോധനയ്ക്കു സ്രവസാംപിള്‍ നല്‍കിയിരുന്നു. ഗാന്ധിനഗറില്‍ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുത്ത ആഭ്യന്തരസഹമന്ത്രി പ്രദീപ് സിങ് ജഡേജ, ഖേഡാവാലയ്‌ക്കൊപ്പം കാറില്‍ എത്തിയ എംഎല്‍എമാരായ ഗയാസുദ്ദീന്‍ ഷെയ്ഖ്, ശൈലേഷ് പര്‍മാര്‍ എന്നിവരും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമേ വീടുകളില്‍ നിരീക്ഷണത്തിലാണ്. വൈദ്യപരിശോധനയ്ക്കു വിധേയനായ വിജയ് രൂപാണിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്‌സിന്റെ 2 വയസ്സുകാരന്‍ മകനും കോവിഡ സ്ഥിരീകരിച്ചു. 8 മാസം ഗര്‍ഭിണിയായ നഴ്‌സിനു നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 29 പേരില്‍ 10 പേരും മലയാളികളാണ്.
രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ പലരുടെയും രണ്ടാം പരിശോധനാ ഫലം നെഗറ്റീവാണ്. യുപി സ്വദേശിയായ ഡോക്ടര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്; പിന്നാലെ 4 രോഗികള്‍ക്കും.
കോവിഡിനെ പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ട മെഡിക്കല്‍ സംഘത്തില്‍ അംഗമായിരുന്ന കരസേനാ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗം ബാധിച്ച കരസേനാംഗങ്ങളുടെ എണ്ണം അഞ്ചായി. ലഫ്. കേണല്‍ റാങ്കിലുള്ള ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























