ആ അട്ടിമറി നടക്കുമോ ?മുട്ടിടിക്കുന്നത് ആര്‍ക്ക്? ട്രംപിനോ ഷീക്കോ?

മഹാമാരിയിലെ കുറ്റവും ശിക്ഷയും ആര് വിധിക്കും ആരെയാണ് ശരിക്കും ശിക്ഷിക്കേണ്ടത്.
ശപിച്ചതും പഴിച്ചതും കൊണ്ട് എന്തു കാര്യം ? ചൈനയ്‌ക്കെതിരെ നടപടിയല്ലേ ആവശ്യം ? ചൈനയെക്കൊണ്ടു കണക്കു പറയിക്കേണ്ടതല്ലേ ? നഷ്ടപരിഹാരം തരുവിക്കേണ്ടതല്ലേ ? രോഷത്തോടെ ഇങ്ങനെ ചിന്തിക്കുന്നവരുമുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും.
അമേരിക്കയിലും ജര്‍മനിയിലും അതിനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. ചൈനയില്‍നിന്നു നഷ്ടപരിഹാരം തേടിക്കൊണ്ടുള്ള ഹര്‍ജികള്‍ അമേരിക്കയിലെ ടെക്‌സസ്, മിസ്സൂറി, കലിഫോര്‍ണിയ, നെവാദ, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ എന്നീ ആറു സംസ്ഥാനങ്ങളിലെ ഫെഡറല്‍ കോടതികളില്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പേരില്‍ ചൈനയെ പരസ്യമായി പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതു ശക്തിപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക.
ചൈനയ്‌ക്കെതിരെയുള്ള നഷ്ടപരിഹാര ഹര്‍ജികള്‍ അമേരിക്കയിലെ മറ്റു ചില സംസ്ഥാനങ്ങളിലും ഫയല്‍ ചെയ്യപ്പെടാനിടയുണ്ടെന്നാണ് സൂചനകള്‍. പക്ഷേ, അതുകൊണ്ടെല്ലാം വല്ല ഫലവും ഉണ്ടാകുമോയെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. പരമാധികാരമുള്ള ഒരു വിദേശ ഗവണ്‍മെന്റിനെതിരെ കേസ് കൊടുക്കാന്‍ ഒരു രാജ്യത്തും നിയമം അനുവദിക്കുന്നില്ലെന്നു പല നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതിനെ മറികടക്കാനായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താനുള്ള ശ്രമവും ട്രംപിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിക്കുന്നുണ്ടത്രേ.
ചൈനയ്‌ക്കെതിരെ ''എനിക്കു പലതും ചെയ്യാന്‍ കഴിയും'' എന്നു പറയുന്ന ട്രംപ് വാസ്തവത്തില്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അദ്ദേഹത്തിന്റെ ഭരണത്തില്‍ അമേരിക്കയിലാണ്. ഇതിനകം പതിനൊന്നു ലക്ഷം പേര്‍ക്കു രോഗം ബാധിക്കുകയും അറുപതിനായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തു.
ഭാഗികമായി ഇതിന് ഉത്തരവാദി ട്രംപ് തന്നെയാണെന്നും ആരോപണമുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം തക്ക സമയത്തു മനസ്സിലാക്കുന്നതിലും സത്വരനടപടികള്‍ എടുക്കുന്നതിലും അദ്ദേഹം വീഴ്ച വരുത്തിയതായി പരക്കേ വിമര്‍ശിക്കപ്പെടുന്നു. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വിജയ സാധ്യതയെ ഇത് അട്ടിമറിക്കുമോയെന്ന് അദ്ദേഹം ഭയപ്പെടുന്നതു സ്വാഭാവികമാണ്. അതിനാല്‍ ചൈനയ്‌ക്കെതിരെ ഉടന്‍തന്നെ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന അവസ്ഥയിലായിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്.
https://www.facebook.com/Malayalivartha
























