ദൃശ്യ എന്ന കന്നഡ സിനിമ പ്രചോദനമായി; ഭർത്താവിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ചു, മൃതദേഹം ചാക്കില്‍കെട്ടി ഭാര്യയും കാമുകനും അറസ്റ്റില്‍

ദൃശ്യം എന്ന മലയാള സിനിമയുടെ കന്നഡ പതിപ്പായ ദൃശ്യ കണ്ട് കൊലപാതകം ആസൂത്രണം ചെയ്ത യുവതിയും കാമുകനും അറസ്റ്റില്‍. മൈസൂരു സാലിഗ്രാമം സ്വദേശി ആനന്ദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.
ഈ മാസം 23നാണ് ആനന്ദിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. റോഡിലെ ഇലക്‌ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ആനന്ദിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളും സംശയത്തിനിടയാക്കി.
അന്വേഷണത്തില്‍ ആനന്ദിന്റെ ഭാര്യ ശാരദയും സുഹൃത്തായ ബാബുവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് രഹസ്യബന്ധം തുടങ്ങിയ ഇരുവരും ആനന്ദിനെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 22 ന് രാത്രി ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ബാബു ആനന്ദിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചാക്കില്‍കെട്ടി ബൈക്കില്‍ സമീപത്തെ പ്രധാന റോഡിലെത്തിക്കുകയും ഇലക്‌ട്രിക്ക് ട്രാന്‍സ്‌ഫോര്‍മറിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. ദൃശ്യ എന്ന കന്നഡ സിനിമ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























